ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിൽ രണ്ടാമതു കറി ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. തല്ലിൽ ഹോട്ടൽ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരുക്കേറ്റു. പുളിയൻമല റോഡിലെ അമ്പാടി ഹോട്ടലിലാണ് സംഭവം. ഹോട്ടലിന് സമീപത്തെ തുണിക്കടയിൽ വിവാഹ വസ്ത്രം വാങ്ങാനെത്തിയ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളും ഹോട്ടൽ ജീവനക്കാരും തമ്മിലുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.
ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാം തവണയും കറി ചോദിച്ചപ്പോൾ ഹോട്ടൽ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഇത് കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. ജഗ്ഗ് കൊണ്ടുള്ള ആക്രമണത്തിലാണ് രണ്ടു പേർക്ക് പരുക്കേറ്റത്. തുടർന്നു ഭക്ഷണം കഴിക്കാനെത്തിയ നാലു പേരും ഹോട്ടൽ ജീവനക്കാരായ നാലു പേരും ചികിത്സ തേടി. ആശുപത്രിയിൽ എത്തിയ ശേഷവും ഇരു കൂട്ടരും തമ്മിൽ കയ്യാങ്കളിയുണ്ടായി. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.