ആലപ്പുഴ: മാവേലിക്കരയിൽ മദ്യലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. മാന്നാർ പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സ്വരാജാണ് മദ്യലഹരിയിൽ അപകടകരമായി വാഹനമോടിച്ചത്. കായംകുളം- ചെട്ടികുളങ്ങര റോഡിലാണ് ഉദ്യോഗസ്ഥൻറെ ഈ യാത്ര. ഇടയക്ക് മദ്യപിച്ച് അവശനിലയിലായതോടെ വാഹനം റോഡരികിൽ നിർത്തുകയായിരുന്നു. ഔദ്യോഗിക വാഹനത്തിൽ ഛർദിച്ച് അവശനായ നിലയിലായിരുന്നു ഉദ്യോഗസ്ഥനുണ്ടായിരുന്നത്.
അതേസമയം മദ്യലഹരിയിൽ പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച വാഹനം നിയന്ത്രണമില്ലാതെ റോഡിന്റെ ഇരു വശങ്ങളിലേക്കും പോകുന്നത് കണ്ട് ബൈക്ക് യാത്രികർ വാഹനത്തിന്റെ പിറകെ പോയ ഈ സാഹസിക യാത്ര ചിത്രീകരിച്ചതോടെയാണ്. ദീർഘദൂരം സാഹസിക യാത്ര തുടർന്നതിന് ശേഷം വാഹനം മാവേലിക്കര വിഎസ്എം ആശുപത്രിക്ക് സമീപം നിർത്തിയിടുകയായുരുന്നു. ഇതിന് പിന്നാലെ ബൈക്ക് യാത്രികർ ഇറങ്ങി നോക്കിയപ്പോഴാണ് മദ്യലഹരിയിൽ ഛർദിച്ച് അവശനായ പോലീസ് ഉദ്യോഗസ്ഥനെ വാഹനത്തിനുള്ളിൽ കണ്ടത്.
സംഭവത്തിന് പിന്നാലെ ബൈക്ക് യാത്രികർ പോലീസിനെ വിവരമറിയിച്ചു. അതിനുശേഷം കൺട്രോൾ റൂമിൽ നിന്നുൾപ്പെടെ പോലീസുകാരെത്തി പരിശോധന നടത്തിയെങ്കിലും സ്വരാജിനെതിരെ നടപടിയെടുക്കാൻ പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. മുഖം കഴുകിയ ശേഷം ഇതേ വാഹനമോടിച്ച് സ്‌റ്റേഷനിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു. എസ്എച്ച്ഒയെ കായംകുളത്തെ വീട്ടിൽ എത്തിച്ച ശേഷം തിരികെ വരുമ്പോളായിരുന്നു സ്വരാജ് പോലീസ് വാഹനത്തിൽ അപകടകരമായ യാത്ര നടത്തിയത്.














































