ഡെറാഡൂണ്‍: കശ്മീരി ഷാള്‍ വില്‍പ്പനക്കാരനു നേരെ ഉത്തരാഖണ്ഡില്‍ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണം. ഇരുമ്പുകമ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് സാരമായി പരിക്കേറ്റ 18കാരന്‍ ചികിത്സയിലാണ്. ഇടത് കൈ ഒടിഞ്ഞ നിലയിലാണ്. ഷാള്‍ വില്‍പ്പനക്കാര്‍ക്കു നേരെ ആക്രമണം തുടരുന്നതില്‍ കശ്മീരില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലെ വികാസ് നഗര്‍ മേഖലയില്‍ വീടുകള്‍ തോറും കയറി ഷാള്‍ വില്‍ക്കുകയായിരുന്ന 18കാരന് നേരെയാണ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. കുടുംബത്തോടൊപ്പം ഉത്തരാഖണ്ഡിലെത്തി ഷാള്‍ വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തുകയായിരുന്നു 18കാരന്‍.
അടിയേറ്റ് തലയില്‍ നിന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു. ആദ്യം പ്രദേശത്തെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പരിക്ക് സാരമായതിനാല്‍ ഡെറാഡൂണിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കശ്മീരി നേതാക്കളും വിദ്യാര്‍ഥി സംഘടനകളും വ്യാപക പ്രതിഷേധമുയര്‍ത്തി. കശ്മീരി മുസ്‌ലിംകള്‍ക്കെതിരെ രാജ്യവ്യാപകമായി അക്രമം നടക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളും പിഡിപി നേതാവുമായ ഇല്‍തിജ മുഫ്തി ചൂണ്ടിക്കാട്ടി.
അക്രമം നടത്തുന്നവര്‍ക്ക് ഭരണകൂടത്തിന്റെ പിന്തുണയുണ്ട്. ഇത്തരം അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ബിജെപിയാണെന്നും ഇല്‍തിജ ആരോപിച്ചു. ഈ മാസം ആദ്യം ഉത്തരാഖണ്ഡിലെ കാശിപൂരില്‍ ഒരു ഷാള്‍ വില്‍പ്പനക്കാരനെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ ആവശ്യപ്പെട്ടാണ് കുപ്വാരയില്‍ നിന്നുള്ള വില്‍പ്പനക്കാരനെ ഹിന്ദുത്വ സംഘടനക്കാര്‍ മര്‍ദിച്ചത്.















































