ന്യൂയോർക്ക്: ജോർജിയയിൽ കുടുംബതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വെടിവെപ്പിൽ ഇന്ത്യക്കാരിയായ യുവതിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ലോറൻസ്‌വില്ലെയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണ സംഭവമുണ്ടായത്. സംഭവസമയത്ത് മൂന്ന് കുട്ടികൾ വീടിനകത്തുണ്ടായിരുന്നു എന്നും സ്വയം രക്ഷിക്കാൻ കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പോലീസ് റിപ്പോർട്ട് അനുസരിച്ച്, വിജയ്കുമാറിൻ്റെ ഭാര്യ മീമു ഡോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. അറ്റ്ലാന്റ സ്വദേശിയായ വിജയ്കുമാർ (51) ആണ് പ്രതി എന്ന് ഫോക്സ് 5 അറ്റ്ലാന്റ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ കുട്ടികളിൽ ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്. കുട്ടികൾക്ക് പരുക്കില്ലെന്നും ബന്ധുക്കൾ അവരെ കൂട്ടിക്കൊണ്ടുപോയെന്നും പോലീസ് പറഞ്ഞു. അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രതിയായി സംശയിക്കപ്പെടുന്നയാൾ അറസ്റ്റിലായെന്നും ദുഃഖിതരായ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു.
കുടുംബ തർക്കവുമായി ബന്ധപ്പെട്ട് നടന്ന ദാരുണമായ വെടിവെപ്പിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. ഇതിൽ ഒരു ഇന്ത്യൻ പൗരയും കൊല്ലപ്പെട്ടു. പ്രതിയാണെന്ന് സംശയിക്കപ്പെടുന്നയാൾ അറസ്റ്റിലായിട്ടുണ്ട്, ദുഃഖിതരായ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്,”ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്സ് പോസ്റ്റിൽ പറഞ്ഞു.














































