പാലക്കാട്: ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കഞ്ചിക്കോട് മേനോൻപാറ സ്വദേശി അജീഷ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അജീഷിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഫോൺ പരിശോധിച്ചപ്പോഴാണ് ലോൺ ആപ്പ് ഭീഷണിയെക്കുറിച്ച് കുടുംബം മനസ്സിലാക്കിയത്. റുബിക് മണി എന്ന ആപ്ലിക്കേഷനിൽ നിന്നാണ് അജീഷ് പണം വായ്പ എടുത്തത്.
തിരിച്ചടവ് വൈകിയതോടെ ഭീഷണി സന്ദേശം എത്തിയതായി കുടുംബം പറയുന്നു. മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് അജീഷ് ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. 6000 രൂപയാണ് അജീഷ് ലോൺ എടുത്തത്. എല്ലാ ആഴ്ചയും ആയിരം രൂപ വെച്ച് അടക്കണമെന്നാണ് ആവശ്യം. ഇതിനിടെ തിരിച്ചടവ് വൈകിയപ്പോഴാണ് ഭീഷണി വന്നുതുടങ്ങിയത്. വാട്സാപ്പ് കോൾ വഴിയായിരുന്നു ഭീഷണി സന്ദേശം.
ജോലി ചെയ്യുന്ന സ്ഥലത്ത് വരും, ബന്ധുക്കളെ വിവരമറിയിക്കും, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കും തുടങ്ങി നിരവധി ഭീഷണി സന്ദേശം അജീഷിനെ ലഭിച്ചിരുന്നത്. ഇതുകൂടാതെ അജീഷിന്റെ ഫോണിലുള്ള കോൺടാക്ടുകൾ മുഴുവനും അവർ എടുത്ത് സ്ക്രീൻ ഷോട്ട് എടുത്തയച്ചിരുന്നു. ആരൊക്കെയാണ് ബന്ധുക്കൾ എന്നൊക്കെ മറുപുറത്തുള്ളവർ കൈക്കലാക്കിയിരുന്നു. ഭീഷണിക്ക് പിന്നാലെയാണ് അജീഷ് ജീവനൊടുക്കിയത്. അജീഷ് മരിച്ചതിന് ശേഷവും ഭീഷണി സന്ദേശം തുടർന്നുകൊണ്ടേയിരുന്നു. അശ്ലീല ദൃശ്യങ്ങളടക്കം ഫോണിലേക്ക് വന്നുകൊണ്ടിരുന്നു. ഇത് കണ്ടപ്പോഴാണ് സംഭവം മനസ്സിലായത്.















































