ബംഗളുരു: ഉഡുപ്പി ശ്രീകൃഷ്ണ മഠം പര്യായോത്സവ ഘോഷയാത്രയിൽ കളക്ടർ ടി കെ സ്വരൂപ ആര്‍എസ്എസ് പതാകയേന്തിയതിൽ നടപടി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു കത്തെഴുതി. ഉഡുപ്പി ബിജെപി എംഎൽഎ യശ്‌പാൽ സുവർണ ആർഎസ്എസ് പതാകയാണ് കലക്ടർക്ക് കൈമാറിയതെന്ന് ഡിസിസി മനുഷ്യാവകാശ സെൽ പ്രസിഡന്റ് ഹരീഷ് ഷെട്ടി ആരോപിച്ചു.
18ന് രാവിലെ ഷിരൂർ മഠാധിപതി വേദവർധന തീർഥ സ്വാമിയുടെ നഗരപ്രവേശന ഘോഷയാത്ര ഉദ്ഘാടനം ചെയ്താണ് കലക്ടർ കാവി പതാകയേന്തിയത്. എന്നാൽ രാഷ്ട്രീയ പരിപാടിയായിരുന്നില്ലെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായാണ് പങ്കെടുത്തതെന്നും കലക്ടർ വിശദീകരിച്ചു.
2026-28 വരെ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഷിരൂർ മഠത്തിനു കൈമാറുന്നതിന്റെ കൂടി ഭാഗമായായിരുന്നു ചടങ്ങ്. 8 മഠങ്ങൾ മാറിമാറിയാണ് ക്ഷേത്രത്തിന്റെ ഭരണച്ചുമതല നിർവഹിക്കുന്നത്.















































