പത്തനംതിട്ട: ദ്വാരപാലക പാളികൾ കാണാതായതുമായി ബന്ധപ്പെട്ട് തുടങ്ങിയ ശബരിമല സ്വർണ്ണക്കൊള്ള മൂന്നാം കേസിലേക്ക് നീങ്ങുന്നു. കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ച വിഷയത്തിലും കേസെടുക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. എഫ്‌ഐആർ ഉടൻ രജിസ്റ്റർ ചെയ്‌തേക്കും. എന്നാൽ ഇതിൽ ആരെയൊക്കെ പ്രതിയാക്കണമെന്ന് പരിശോധനകൾക്ക് ശേഷമായിരിക്കും തീരുമാനിക്കുക.
അതേസമയം കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണത്തിനാണ് പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്. പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുകൊണ്ടുതന്നെ എസ്‌ഐടി സംഘം ഇത് അന്വേഷിക്കും. എന്തുകൊണ്ടാണ് കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത് എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവാണ് പുതിയ കേസിന് ആധാരം.
ഉത്തരവിൽ കൊടി മരം ചിതലരിച്ചുതുടങ്ങിയെന്നും നശിച്ചുതുടങ്ങിയെന്നും പറയുന്നുണ്ട്. എന്നാൽ പുനഃപ്രതിഷ്ഠയ്ക്ക് മുൻപ് കൊടിമരം തടിയിലായിരുന്നില്ല മറിച്ച് കോൺക്രീറ്റിലായിരുന്നുവെന്നാണ് ഇപ്പോൾ അറിയുന്ന വിവരം. കോൺക്രീറ്റ് തൂണിനുപുറത്ത് സ്വർണം പൂശിയ പറ ഇട്ടുകൊണ്ടാണ് ഇത് നിർമിച്ചിരുന്നത്. കോൺക്രീറ്റ് എന്നാണ് സ്ഥാപിച്ചത്, കൊടിമരത്തിന്റെ പഴക്കം എന്നിവയെ സംബന്ധിച്ച് ദേവസ്വം ബോർഡിന്റെ പക്കൽ ഒരു രേഖയുമില്ല. ഇതോടെ കൊടിമര പുന പ്രതിഷ്ഠയും സംശയത്തിന്റെ നിഴലിലാവുകയാണ്.
അതേസമയം കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത് 2014 മുതലാണ്. അതിനാൽ 2014 തൊട്ടുള്ള നടപടികൾ പരിശോധിക്കും. കോൺക്രീറ്റ് ചിതലരിച്ചുവെന്നതു മുതൽ ഹൈദരാബാദിലെ സ്‌പോൺസറെ കണ്ടെത്തിയതുവരെയുള്ള കാര്യങ്ങൾ അന്വേഷണവിധേയമാകും. പ്രാഥമിക പരിശോധനകൾ അടുത്തുതന്നെ തുടങ്ങുമെന്നാണ് വിവരം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിൽ കുറ്റപത്രം സമർപ്പിച്ചാലുടൻ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേസിൽ എഫ്‌ഐർ രജിസ്റ്റർ ചെയ്യും. ആരെയൊക്കെ പ്രതികളാക്കണമെന്ന കാര്യം പിന്നീടാണ് തീരുമാനിക്കുക.
















































