കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള നിർമാണത്തിനായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ സർക്കാരിന് തിരിച്ചടി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അനയ ചാരിറ്റബിൾ ട്രസ്റ്റിനെതിരേ സർക്കാൻ ഉന്നയിച്ച വാദങ്ങൾ കോടതി അംഗീകരിച്ചില്ല. 1910-ലെ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം ഈ സ്ഥലം സർക്കാർ വക പാട്ടം വിഭാഗത്തിൽപ്പെട്ടതാണെന്ന് സർക്കാർ വാദിച്ചത്. സർക്കാർ വാദങ്ങൾ തള്ളിയ പാലാ സബ്കോടതി ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ സ്ഥലമല്ലെന്ന അനയ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാദം അംഗീകരിക്കുകയായിരുന്നു. വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകവെയാണ് ഈ തിരിച്ചടി.
എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് നിർദ്ദിഷ്ട ഭൂമി. നിലവിൽ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം അയന ചാരിറ്റബിൾ ട്രസ്റ്റിനാണ്. അവരുടെ മുൻഗാമികളായ ഹാരിസൺ നിയമവിരുദ്ധമായി ഭൂമി അയനയ്ക്ക് വിറ്റെന്നും ഭൂമി സർക്കാരിന്റെയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വാദം. അതേസമയം, ഈ 2263 ഏക്കർ ഭൂമിയുടെ എല്ലാ രേഖകളും കൈവശമുണ്ടെന്നായിരുന്നു ട്രസ്റ്റിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന 2,263 ഏക്കർ സ്ഥലത്തിന്റെ കാര്യത്തിൽ ഈ വിധി ഏറെ നിർണായകമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായി. ഇനി അയന ചാരിറ്റബിൾ ട്രസ്റ്റിൽനിന്നു സർക്കാർ ഈ സ്ഥലം വാങ്ങുകയോ അല്ലെങ്കിൽ ട്രസ്റ്റ് വിട്ടുനൽകുകയോ ചെയ്താൽ മാത്രമേ നിർദ്ദിഷ്ട ഭൂമിയിൽ വിമാനത്താവള നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാനാകുകയുള്ളൂ.















































