മലപ്പുറം: പ്രണയപ്പകയാണ് ഒൻപതാംക്ലാസുകാരിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന വിലയിരുത്തലിലാണ് പോലീസ്. സംശയരോഗവും അടക്കാനാവാത്ത പ്രകോപനവും ഒടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിലയിരുത്തൽ. പ്ലസ് വൺ വിദ്യാർഥിയായ കൂട്ടുകാരന്റെ ഭീഷണികൾക്കും പീഡനത്തിനും ഒടുവിലാണ് പെൺകുട്ടിക്ക് ജീവൻ കൂടി നഷ്ടമായത്. ഒരേ സ്‌കൂളിൽ പഠിക്കുന്നവരാണ് ഒൻപതാംക്ലാസ് വിദ്യാർഥിനിയും പിടിയിലായ ആൺകുട്ടിയും. രണ്ടുപേരും സാമ്പത്തികശേഷി കുറഞ്ഞ ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കൊല്ലപ്പെട്ട ബാലികയും ആൺസുഹൃത്തായ 16-കാരനും തമ്മിലുള്ള സൗഹൃദം നേരത്തേതന്നെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
പെൺകുട്ടിയെ കാണാതിരുന്നാൽ അസ്വസ്ഥനാവുകയും അന്വേഷിച്ച് വീട്ടിലെത്തുകയും ചെയ്യുന്ന ശീലം ആൺസുഹൃത്തിന് ഉണ്ടായിരുന്നു. ഇങ്ങനെ വീട്ടിലെത്തി ശല്യം ചെയ്തതിനെത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് ആൺകുട്ടിയെ താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്. പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവക്കാരനായ സുഹൃത്തിനെ പെൺകുട്ടിക്ക് ഭയമായിരുന്നു. വ്യാഴാഴ്ച സ്‌കൂളിലെത്തിയ പെൺകുട്ടിയെ സുഹൃത്ത് നിർബന്ധിച്ച് കൂടെ കൊണ്ടുപോകുകയായിരുന്നു.
വൈകുന്നേരം മകളെ കാണാതായതോടെ അമ്മ പോലീസിൽ പരാതി നൽകി. സംശയം തോന്നിയ പോലീസ് വൈകാതെ ആൺ സുഹൃത്തിനെ വിളിച്ചു. സ്‌കൂളിൽ വെച്ച് പെൺകുട്ടിയെ കണ്ടിരുന്നു എന്നല്ലാതെ മറ്റൊന്നും അറിയില്ലെന്നായിരുന്നു അപ്പോൾ മറുപടി. വെള്ളിയാഴ്ച രാവിലെ പിതാവിനൊപ്പം സ്റ്റേഷനിൽ ഹാജരാകണമെന്ന് വ്യാഴാഴ്ച വൈകീട്ട് പോലീസ് ആൺസുഹൃത്തിന് നിർദേശം നൽകുകയുംചെയ്തു. വെള്ളിയാഴ്ച രാവിലെ പിതാവിനൊപ്പം സ്റ്റേഷനിലെത്തിയ ആൺസുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വ്യാഴാഴ്ച കരുവാരക്കുണ്ടിൽനിന്ന് പാണ്ടിക്കാട്, വണ്ടൂർ വഴി ബസ് മാർഗം ഇരുവരും വാണിയമ്പലത്ത് എത്തി. വാണിയമ്പലത്തുനിന്ന് റെയിൽവേ പാതയിലൂടെ നടന്നാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിയത്. മറ്റൊരാളോട് അടുപ്പമുണ്ടെന്ന സംശയത്തെച്ചൊല്ലി പ്രതി അവിടെവെച്ച് പെൺകുട്ടിയെ ശകാരിച്ചു. വാക്കുതർക്കത്തിനിടെ, പ്രകോപിതനായ ആൺസുഹൃത്ത് ബലപ്രയോഗത്തിലൂടെ പെൺകുട്ടിയുടെ കൈകൾ കെട്ടുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആൺകുട്ടിയുടെ സ്വഭാവത്തിൽ രണ്ടു കൊല്ലത്തിനിടെ ഉണ്ടായത് വലിയ മാറ്റങ്ങളാണെന്ന് അയൽവാസികൾ പറയുന്നു. ഹൈസ്‌കൂൾ പഠനം വരെ ശാന്തനായിരുന്ന ആൺകുട്ടി ഹയർസെക്കൻഡറി തലത്തിലേക്ക് എത്തിയതോടെ ആകെ മാറി എന്നാണ് നാട്ടുകാർ പറയുന്നത്. ചെറിയ കാര്യങ്ങൾക്കു പോലും നിയന്ത്രണംവിട്ട് ദേഷ്യപ്പെടുന്ന ക്രൂര സ്വഭാവമാണ് അടുത്ത കാലത്തായി പ്രകടിപ്പിച്ചിരുന്നതെന്നും പറയുന്നു.
















































