ജറുസലം: ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിമാനം രാജ്യം വിട്ടതായി റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇസ്രയേൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വിമാനം രാജ്യംവിട്ടു. ഇസ്രയേലിന്റെ ‘വിങ്സ് ഓഫ് സായൺ’ ഇറാന്റെ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് വിമാനം രാജ്യം വിട്ടതെന്നാണ് റിപ്പോർട്ട്.
ഇസ്രയേലിലെ ബേഷീബയിലുള്ള നെവാറ്റീം സൈനിക താവളത്തിൽ നിന്ന് ഇന്ത്യൻ സമയം മൂന്നുമണിക്കാണ് വിമാനം ടേക്കോഫ് ചെയ്തത്. ഗ്രീക്ക് ദ്വീപായ ക്രെറ്റയുടെ തലസ്ഥാനമായ ഹെരാക്ലിയനിലേക്കാണ് വിമാനം പറന്നത്. പിന്നീട് വിമാനം ബേഷീബയിലേക്ക് തിരിച്ചെത്തി. പറക്കലിന്റെ ഉദ്ദേശ്യത്തെ സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചു. എന്നാൽ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പതിവ് പരിശീലന പറക്കലായിരുന്നു എന്നാണ് അനൗദ്യോഗിക വിശദീകരണം.
ഇതിനിടെ, ഇറാനുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രധാന സൈനിക താവളങ്ങളിൽ നിന്ന് യുഎസ് സൈനികരെ പിൻവലിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഒരു അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്.
തങ്ങളെ ആക്രമിച്ചാൽ അമേരിക്കൻ സൈനിക താവളങ്ങളുള്ള അയൽരാജ്യങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എഎഫ്പിയുടെ റിപ്പോർട്ട് അനുസരിച്ച്, ഖത്തറിലെ അൽ ഉദൈദ് സൈനിക താവളത്തിലുള്ള ചില ഉദ്യോഗസ്ഥരോട് അവിടം വിട്ടുപോകാൻ യുഎസ് നിർദ്ദേശിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളം ഖത്തറിലാണുള്ളത്.
അതേസമയം ഇറാനിലെ പ്രതിഷേധക്കാരോട് പ്രതിഷേധം തുടരാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാന്റെ ആക്രമണ മുന്നറിയിപ്പ്. ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ സുരക്ഷാസൈനികരടക്കം 2,000 പേരെങ്കിലും കൊല്ലപ്പെട്ടെന്ന് ഇറാൻ സുരക്ഷാ ഏജൻസിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2003 പേർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായ ഇറാൻ ഹ്യുമൻ റൈറ്റ്സ് ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു.















































