തിരുവനന്തപുരം: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിരവധി സ്വകാര്യ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കിൽ ഏതെങ്കിലും നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും സ്പീക്കർ എഎൻ ഷംസീർ. പ്രിവിലേജസ് ആൻറ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാൾ പരാതി നൽകണം. എന്നാൽ അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണം, അല്ലെങ്കിൽ പഠിപ്പിക്കണം. ചില സാമാജികരുടെ ഭാഗത്ത് തെറ്റുണ്ടായാൽ എല്ലാവരെയും മോശമാക്കരുതെന്നും ജനം നല്ല പെരുമാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും എഎൻ ഷംസീർ പറഞ്ഞു.
അതേസമയം അറസ്റ്റിലായ രാഹുലിനെ ഇന്ന് തെളിവെടുപ്പിനെത്തിച്ചിരുന്നു. എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രാഹുൽ പ്രതികരിച്ചില്ല. ചിരിയോടെ അകത്തേക്ക് പോയ രാഹുൽ മടങ്ങിയെത്തുമ്പോൾ ഒന്നും മിണ്ടാതെ വാഹനത്തിലേക്ക് കയറുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് രാഹുൽ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. പരാതിപ്രകാരം 2024 ഏപ്രിൽ എട്ടിനാണ് തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചത്. ഇന്ന് അതിരാവിലെയാണ് പത്തനംതിട്ട എആർ ക്യാമ്പിൽ നിന്നും രാഹുലിനെ ഹോട്ടൽ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പ്രതിഷേധങ്ങൾ ഒഴിവാക്കാനായിരുന്നു പുലർച്ചെ എത്തിയത്.
കനത്ത സുരക്ഷയോടെ പോലീസ് ബസിലാണ് രാഹുലിനെ ഹോട്ടലിലെത്തിച്ചത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം തിരികെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് തിരിച്ചെത്തിച്ചു. രാഹുലിനെ കസ്റ്റിയിൽ വിട്ടു കിട്ടി രണ്ടാം ദിനമായ ഇന്നും രാഹുലിനെ വിശദമായി എസ്ഐടി ചോദ്യം ചെയ്യും. 15ന് വൈകിട്ടാണ് രാഹുലിനെ തിരികെ കോടതിയിൽ ഹാജരാക്കേണ്ടത്. മറ്റന്നാൾ കോടതി രാഹുലിന്റെ ജാമ്യാക്ഷേ പരിഗണിക്കും.
















































