കാസർകോട് : നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ സിപിഎം നേതാവ് നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി പരാതി. കുമ്പള സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്കൂൾ അധ്യാപകനുമായ എസ്. സുധാകരനെതിരെയാണ് വീട്ടമ്മയുടെ പരാതി. കാസർകോട് വനിതാ പൊലീസ് കേസെടുത്തു. 20 വർഷത്തോഷമായി താൻ നേരിടുന്ന പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി. രണ്ടു പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയെന്നും തന്റെ വിവാഹ ജീവിതം തകർത്തുവെന്നും പരാതിയിൽ പറയുന്നു. 1995 മുതൽ പീഡനം നടത്തുകയാണ്. വിവാഹം കഴിക്കുമെന്നു പറഞ്ഞാണ് പീഡനം തുടങ്ങിയത്. എന്നാൽ സുധാകരൻ തന്നെ വിവാഹം കഴിച്ചില്ല. മറ്റൊരാളെയാണ് വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും പരാതിയിൽ വെളിപ്പെടുത്തുന്നു. തന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹം മോചിപ്പിച്ചു. സ്കൂൾ മുറിയിൽനിന്നടക്കം നഗ്ന ദൃശ്യങ്ങൾ പകർത്തി അയച്ചു.
ആരോപണത്തെ തുടർന്ന് സുധാകരനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചും സ്കൂളിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടും ബിജെപി ഉൾപ്പെടെ പ്രതിഷേധം നടത്തിയിരുന്നു. ലൈംഗീകാരോപണത്തെ തുടർന്ന് സുധാകരനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണത്തിനായി മൂന്നംഗം കമ്മിഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി കമ്മിഷൻ അന്വേഷണം നടക്കുന്നതിനിടെയാണ് പൊലീസ് കേസെടുത്തത്. മുമ്പ് ജബ്ബാർ വധക്കേസിൽ പ്രതിചേർക്കപ്പെട്ട് സുധാകരൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ കേസിൽ മേൽക്കോടതി ശിക്ഷ റദ്ദാക്കിയതോടെ ജയിൽമോചിതനാവുകയായിരുന്നു.



















































