വാഷിങ്ടൻ: സമൂഹമാധ്യമ പ്ലാറ്റ്‍ഫോമായ ഇൻസ്റ്റഗ്രാമിൽനിന്ന് 1.75 കോടിപ്പേരുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർ ബൈറ്റ്സാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ തങ്ങൾ ആവശ്യപ്പെടാതെതന്നെ പാസ്‌വേഡ് റീസെറ്റ് ഇമെയിലുകൾ ലഭിക്കുന്നതായും റിപ്പോർട്ട്. തുടക്കത്തിൽ ഇത് ഒരു താൽക്കാലിക സാങ്കേതിക തകരാറാകാമെന്നായിരുന്നു പലരുടെയും വിലയിരുത്തൽ. എന്നാൽ മാൽവെയർ പുറത്തുവിട്ട റിപ്പോർട്ട് ഗൗരവമേറിയ ആശങ്കകൾ ഉയർത്തുകയാണ്.
ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചോർന്ന വിവരങ്ങൾ ഉപയോഗിച്ചാണ് അക്കൗണ്ടുകളിലേക്ക് കടന്നുകയറുന്നത്. ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഇതിനോട് പ്രതികരിച്ചിട്ടില്ല. യൂസർനെയിം, മേൽവിലാസം, ഇ മെയിൽ വിലാസം, ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ട്. കുറ്റകൃത്യങ്ങൾക്കായി ഹാക്കർമാർ ഈ വിവരങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാൽവെയർ ബൈറ്റ് മുന്നറിയിപ്പ് നൽകുന്നു.
ഒരേസമയം നിരവധി ഉപയോക്താക്കൾക്ക് പാസ്‌വേഡ് റീസെറ്റ് ഇമെയിലുകൾ ലഭിക്കുന്നതായി സ്ഥിരീകരിച്ചതോടെ, സ്വയം റീസെറ്റ് ആവശ്യപ്പെട്ടിട്ടില്ലെങ്കിൽ അത്തരം ഇമെയിലുകളിലെ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്ന് സുരക്ഷാ വിദഗ്ധർ ശക്തമായി മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്താൽ ലോഗിൻ വിവരങ്ങൾ സൈബർ ആക്രമികൾക്ക് കൈമാറപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സംശയാസ്പദമായ പാസ്‌വേഡ് റീസെറ്റ് അഭ്യർത്ഥന ലഭിച്ചതായി തോന്നുന്നവർ ഉടൻ തന്നെ അക്കൗണ്ട് സുരക്ഷ ശക്തമാക്കണമെന്നും നിർദേശം. ഇതിനായി ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) പ്രവർത്തനക്ഷമമാക്കുകയോ പാസ്‌വേഡ് മാറ്റുകയോ ചെയ്യാം.
ഇൻസ്റ്റാഗ്രാമിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) എങ്ങനെ പ്രവർത്തനക്ഷമമാക്കാം:
Go to Profile > Menu (☰) > Accounts Center > Password and security > Two-factor authentication, എന്ന ക്രമത്തിൽ പ്രവേശിക്കുക. തുടർന്ന് അക്കൗണ്ട് തിരഞ്ഞെടുക്കുക, സുരക്ഷാ മാർഗം (Authenticator app or SMS/WhatsApp), തെരഞ്ഞെടുക്കുക, സ്ക്രീനിൽ കാണുന്ന നിർദേശങ്ങൾ പാലിക്കുക
ഇൻസ്റ്റാഗ്രാം പാസ്‌വേഡ് കൈമാറി മാറ്റാൻ:
Profile > Menu (☰) > Settings & Privacy > Accounts Center > Password and Security > Change Password എന്ന വഴിയിലൂടെ പോയി നിലവിലെ പാസ്‌വേഡ് നൽകുകയും പുതിയ പാസ്‌വേഡ് സജ്ജമാക്കുകയും ചെയ്യാം.
Cybercriminals stole the sensitive information of 17.5 million Instagram accounts, including usernames, physical addresses, phone numbers, email addresses, and more. pic.twitter.com/LXvjjQ5VXL
— Malwarebytes (@Malwarebytes) January 9, 2026


















































