തിരുവനന്തപുരം: മേയർ വിഷയത്തിൽ പിണങ്ങി പാർട്ടിയെ തുടർച്ചയായി വിഷമത്തിലാക്കുന്ന ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുടെ നടപടികളിൽ ബിജെപി നേതൃത്വത്തിന് അതൃപ്തിയെന്നു സൂചന. കോർപറേഷൻ സ്ഥിര സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധുവായതെ നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതു മനഃപൂർവം അല്ലെന്ന് വിലയിരുത്തുമ്പോഴും പിന്നീടുള്ള പല കാര്യങ്ങളും പാർട്ടിക്ക് തലവേദനയുണ്ടാക്കുന്നുണ്ട്.
കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തതു മുതൽ പാർട്ടിയെ വെട്ടിലാക്കുന്ന നടപടികളാണ് ശ്രീലേഖയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അതിൽ പ്രധാനമാണ് നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പിൽ ഒപ്പിടാത്തതാണ്. ഇതോടെ ശ്രീലേഖയുടെ വോട്ട് അസാധുവാകുകയായിരുന്നു. മാത്രമല്ല വോട്ടു ചെയ്യേണ്ട രീതിയെക്കുറിച്ച് പാർട്ടി കൗൺസിലർമാർക്കായി ആദ്യം നടത്തിയ ക്ലാസിൽ ശ്രീലേഖ പങ്കെടുത്തിരുന്നില്ലെന്നും നേതാക്കൾ അറിയിച്ചു. ശ്രീലേഖയുടെ നടപടികളിലൊന്നും പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ പരസ്യമായി പ്രതികരിച്ചിട്ടില്ല.
അതുപോലെ കൗൺസിലറായി ചുമതലയേറ്റ് ദിവസങ്ങൾക്കകം ശാസ്തമംഗലത്ത് കോർപറേഷന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസ് ഒഴിയണമെന്ന് വി.കെ. പ്രശാന്തിനോട് ആവശ്യപ്പെട്ടപ്പോൾ മുഴുവൻ വാടക കെട്ടിടങ്ങളുടെയും കണക്കെടുക്കുമെന്നു മേയർ വി.വി. രാജേഷ് പ്രഖ്യാപിച്ചതല്ലാതെ തനിക്കു പാർട്ടിയിൽ നിന്നു ഒരു പിന്തുണയും കിട്ടിയില്ലെന്നും ശ്രീലേഖയ്ക്ക് പരിഭവമുണ്ട്.
ശ്രീലേഖയുടെ പിണക്കം പുറംലോകത്തെത്തിയത് മേയർ, ഡപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനു ശേഷമുള്ള വിജയാഘോഷങ്ങളിൽ പങ്കെടുക്കാതെ മുങ്ങിയതോടെയാണ്. മേയർ സ്ഥാനാർഥിയായി മത്സരിപ്പിക്കാത്തതിലുള്ള അമർഷമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മേയറും ഡപ്യൂട്ടി മേയർ ജി.എസ്. ആശാനാഥും വീട്ടിലെത്തി ശ്രീലേഖയെ അനുനയിപ്പിച്ചു കൂടെ കൂട്ടുവാനുള്ള ശ്രമം നടത്തിയിരുന്നു.
പിന്നാലെ മേയർ സ്ഥാനം വാഗ്ദാനം നൽകിയാണ് തന്നെ കോർപറേഷൻ കൗൺസിലിലേക്ക് മത്സരിപ്പിച്ചതെന്ന് മാധ്യമങ്ങൾക്കു മുന്നിലുള്ള വെളിപ്പെടുത്തൽ പാർട്ടിക്കും ബുദ്ധിമുട്ടുണ്ടാക്കി. ഇതിനു പിന്നാലെയാണ് സ്ഥിര സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവായത്.

















































