ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകനായ റൈഹാൻ വാദ്രയുടേയും ബാല്യകാല സഖി അവീവ ബെയ്ഗുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോകളിലൂടെയാണ് ദമ്പതികൾ വാർത്ത പങ്കുവെച്ചത്.
രന്തംബോറിലെ ഒരു സ്വകാര്യ ഒത്തുചേരലിലാണ് വിവാഹനിശ്ചയം നടന്നത്. അതേസമയം ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും ചേർന്നുനിൽക്കുന്ന രണ്ടുചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ആദ്യചിത്രത്തിൽ പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച് വൈകുന്നേരത്തെ ആഘോഷത്തിനിടെ റൈഹാനും അവീവയും ഒരുമിച്ച് നിൽക്കുന്നതായി കാണാം. റൈഹാൻ ഇരുണ്ട ഷെർവാണി ധരിച്ചപ്പോൾ അവീവ അലങ്കരിച്ച സാരിയാണ് ധരിച്ചത്. റൈഹാൻ രണ്ടാമത് പങ്കുവച്ച ഇരുവരും ഒരുമിച്ചുള്ള കുട്ടിക്കാലത്തെ ചിത്രമാണ്.
25 വയസ്സുള്ള റേഹാൻ കഴിഞ്ഞയാഴ്ച ഇരുകുടുംബങ്ങളുടെയും സാന്നിധ്യത്തിൽ അവിവയോട് വിവാഹാഭ്യർഥന നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഏകദേശം ഏഴ് വർഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. അധികം വൈകാതെ വിവാഹം നടക്കുമെന്നാണ് സൂചന.
അവിവ ബൈഗ് ഡൽഹി കേന്ദ്രീകരിച്ചുള്ള കുടുംബത്തിൽ നിന്നുള്ളതാണ്. അവിവയുടെ പിതാവ് ഇമ്രാൻ ബൈഗ് വ്യവസായിയാണ്. അമ്മ നന്ദിത ബൈഗ് ഇന്റീരിയർ ഡിസൈനറാണ്. നന്ദിതയ്ക്ക് പ്രിയങ്ക ഗാന്ധിയുമായി ദീർഘകാല സൗഹൃദമുണ്ടെന്നും കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവന്റെ ഇന്റീരിയർ ഡിസൈനിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അവിവ ഡൽഹിയിലെ മോഡേൺ സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം, ഒ.പി. ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. ഇന്റീരിയർ ഡിസൈനർ, ഫോട്ടോഗ്രാഫർ, നിർമ്മാതാവ് എന്നീ നിലകളിലും അവിവ അറിയപ്പെടുന്നു.
അതേസമയം മുത്തച്ഛൻ രാജീവ് ഗാന്ധിയും അമ്മാവൻ രാഹുൽ ഗാന്ധിയും പഠിച്ച ദെഹ്റാദൂണിലെ ദൂൺ സ്കൂളിലാണ് റേഹാൻ പഠിച്ചത്. പിന്നീട് ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ (SOAS) ഉന്നത വിദ്യാഭ്യാസം നേടി. വിഷ്വൽ ആർട്ടിസ്റ്റ് ആയ റേഹാൻ ഫോട്ടോഗ്രാഫിയിലും തൽപരനാണ്. മുംബൈ ആസ്ഥാനമായുള്ള സമകാലീന ആർട്ട് ഗാലറിയായ APRE ആർട്ട് ഹൗസ് വഴി റേഹാന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.


















































