തൃശൂർ: വരടിയത്ത് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ഇന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ഇരിക്കേയാണ് കുഞ്ഞിനെ മരണം കവർന്നത്. വരടിയം കൂവപ്പ പാലത്തിന് സമീപം ബുധനാഴ്‌ച വൈകിട്ടായിരുന്നു അപകടം നടന്നത്. ഇരവിമംഗലം നടുവിൽ പറമ്പിൽ റിൻസന്റെയും, റിൻസിയുടെയും മകൾ എമിലിയയാണ് മരിച്ചത്.
പിറന്നാൾ ആഘോഷിക്കാൻ വേണ്ടി വരടിയത്തുള്ള അമ്മവീട്ടിൽ നിന്ന് ഇരവിമംഗലത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. നവീകരണ ജോലിയുടെ ഭാഗമായി റോഡരികിൽ കൂട്ടിയിട്ട മൺകൂനയിൽ കയറി ഓട്ടോ മറിയുകയായിരുന്നു. വരടിയം, മുണ്ടൂർ റോഡിൽ മാസങ്ങളായി നടക്കുന്ന ജോലിയുടെ ഭാഗമായി റോഡിന്റെ ഒരു വശത്ത് ഓവുചാലിനോടു ചേർന്ന് കുറെ ദൂരം മണ്ണ് കൂനയായി കൂട്ടിയിട്ടിട്ടുണ്ട്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ മൺകൂനയിൽ പിൻചക്രം കയറി ഓട്ടോറിക്ഷ മറിയുക ആയിരുന്നു.
ഓട്ടോയിൽ ഉണ്ടായിരുന്ന എല്ലാവരും റോഡിലേക്ക് വീണു. ഒപ്പം യാത്ര ചെയ്തിരുന്ന റിൻസി, എമിലിയയുടെ സഹോദരൻ എറിക്, മുത്തച്ഛൻ മേരിദാസ്, ഓട്ടോ ഡ്രൈവർ മനോഹരൻ എന്നിവർക്കു പരുക്കേറ്റു. മുത്തശ്ശന്റെ പരുക്ക് ഗുരുതരമാണ്. അപകടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആദ്യം അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എമിലിയയ്ക്ക് അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചതിനെ തുടർന്ന് തൃശൂരിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ 4ന് മരണം സംഭവിച്ചു.















































