തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത് എസ്ഐടി. ഇന്നലെ ഒരു ദിവസത്തേക്കാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടിയുടെ കസ്റ്റഡിയിൽ കൊല്ലം വിജിലന്‍സ് കോടതി വിട്ടു നൽകിയത്. ഡല്‍ഹി യാത്രയെക്കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഡല്‍ഹിയില്‍ വെച്ച് സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഇന്നലെയാണ് കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. മൂന്നുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡിയിൽ വിട്ടത്. മൂന്നുപേരെയും ഇന്നലെ ഒന്നിച്ച് ചോദ്യം ചെയ്ത് എസ്ഐടി മൊഴിയെടുത്തതായാണ് വിവരം.
ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വര്‍ണം എവിടെയാണെന്ന കാര്യത്തിലടക്കം വിവരം തേടിയാണ് ചോദ്യം ചെയ്യൽ. അതേസമയം, സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ വീണ്ടും എസ്ഐടി ചോദ്യം ചെയ്യും. അടുത്തയാഴ്ചയായിരിക്കും പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസമാണ് പിഎസ് പ്രശാന്തിനെയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും എസ്ഐടി ചോദ്യം ചെയ്തത്. ഇതിനിടെ, ശബരിമല സ്വർണ കൊള്ളയിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെയും എസ്ഐടി വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചറിയാനാണ് ചോദ്യം ചെയ്യൽ.
സ്വർണപ്പാളികൾ എത്തിച്ച ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും, സ്വർണം വേർതിരിച്ചെടുത്ത സ്മാർട്ട് ക്രിയേഷൻസ് പങ്കജ് ഭണ്ഡാരിക്കും, സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ഗോവർദ്ധനും കൊള്ളയിൽ ഒരു പോലെ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടത്തൽ. കൈക്കലാക്കിയ സ്വർണം എവിടെയെല്ലാം എത്തി എന്നതിൽ അടക്കം വ്യക്തത തേടുകയാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ സർക്കാരിലെയും രാഷ്ട്രീയ നേതൃത്വത്തിലെയും ഉന്നതരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും. അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി പ്രതികൾക്ക് ബന്ധമുണ്ടോ എന്നും പരിശോധിക്കും.















































