പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിന്റെ വർഗീയ വിദ്വേഷ രാഷ്ട്രീയമാണെന്ന് മന്ത്രി എം ബി രാജേഷ്. ബംഗ്ലാദേശി എന്ന് ആക്ഷേപിച്ചാണ് ആൾകൂട്ടം രാംനാരായണിനെ ആക്രമിച്ചത്. ആർഎസ്എസ് നേതാക്കളാണ് അതിന് നേതൃത്വം നൽകിയതെന്നും എം ബി രാജേഷ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തൊഴിൽ തേടിയെത്തിയ ആ യുവാവിനെ അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകരടങ്ങിയ സംഘം വിചാരണ ചെയ്ത് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗ്ലാദേശിയെന്ന ചാപ്പ കുത്തൽ വംശീയ വിദ്വേഷത്തിൽ നിന്നും വംശീയ രാഷ്ട്രീയത്തിൽ നിന്നും ഉണ്ടാകുന്നതാണ്. സംഘപരിവാർ രാജ്യമാകെ പടർത്തിക്കൊണ്ടിരിക്കുന്ന വർഗീയ വംശീയ വിഷത്തിന്റെ ഇരയാണ് റാം നാരായൺ. ആൾക്കൂട്ടക്കൊല എന്ന് മാത്രമാണ് മാധ്യമങ്ങളുൾപ്പെടെ ഇപ്പോഴും പറയുന്നത്. അതിന്റെ ഉത്തരവാദികളെ വ്യക്തമായിട്ടും മറച്ചുവയ്ക്കുന്നത് എന്തിനാണ്? അറസ്റ്റിലായവർ രണ്ട് സിപിഐഎം പ്രവർത്തകരെ വീട്ടിൽ കയറി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളുമാണ്. അവരുടെ രാഷ്ട്രീയവും ക്രിമിനൽ പശ്ചാത്തലവുമെല്ലാം വ്യക്തമാണ്. എന്നിട്ടും ആ വിദ്വേഷ രാഷ്ട്രീയമാണ് അതിന് പിന്നിലെന്നത് മറച്ചുവയ്ക്കാൻ ശ്രമം നടക്കുകയാണ്.
ഏതെങ്കിലും തരത്തിൽ സിപിഎം വിദൂരബന്ധമുണ്ടായിരുന്നെങ്കിൽ എങ്ങനെ ആഘോഷിക്കപ്പെടുമായിരുന്നു ഈ ആൾക്കൂട്ടക്കൊല. സംഘപരിവാർ നേതൃത്വത്തിന് നേരെ ഒരു ചോദ്യംപോലുമില്ല. ഇത് മറച്ചുവയ്ക്കുക വഴി ഈ വിദ്വേഷ രാഷ്ട്രീയത്തിന് വളമിടുകയാണ് നാം ചെയ്യുന്നത്. അതിനെ തുറന്നുകാണിക്കാൻ മാധ്യമങ്ങൾ മുന്നോട്ടുവരേണ്ടതുണ്ട്’- എം ബി രാജേഷ് പറഞ്ഞു.
അതേപോലെ സർക്കാർ രാംനാരായണിന്റെ കുടുംബത്തിനൊപ്പമുണ്ടെന്നും പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. ‘അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. ശക്തമായ നടപടികളുണ്ടാകും. ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പഴുതടച്ച നടപടികളുണ്ടാകും. മലയാളിയല്ലാത്ത ഏതൊരാളും ബംഗ്ലാദേശിയാണ് എന്നതാണ് ആർഎസ്എസ് കേരളത്തിൽ നടത്തുന്ന പ്രചാരണം. അങ്ങനെ ചാപ്പ കുത്തി അവരെ തല്ലികൊല്ലുകയാണ്. ആടിനെ പട്ടിയാക്കി, പേപ്പട്ടിയാക്കി, പിന്നെ തല്ലിക്കൊല്ലുക എന്ന സമീപനമാണ് ആർഎസ്എസ് സ്വീകരിക്കുന്നത്. ഉത്തരേന്ത്യയിൽ ആൾക്കൂട്ട കൊലകൾക്ക് ആർഎസ്എസാണ് നേതൃത്വം കൊടുക്കുന്നത്. ഈ കേസിലും പ്രതിസ്ഥാനത്ത് സംഘപരിവാറാണ്’: എം ബി രാജേഷ് കൂട്ടിച്ചേർത്തു.
അതേസമയം ഡിസംബർ 18-നാണ് ഛത്തീസ്ഗഢ് സ്വദേശി രാംനാരായണനെ മോഷ്ടാവെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ മർദ്ദിച്ചത്. വാളയാർ അട്ടപ്പള്ളത്തുവെച്ച് വൈകിട്ട് ആറോടെയാണ് റാമിന് മർദ്ദനമേറ്റത്. അവശനിലയിൽ റാം നാരായണനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.



















































