ദുബായ്: ഇന്ത്യയെ 191 റൺസിന് തോൽപ്പിച്ച് അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം പാക്കിസ്ഥാന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 347ന്റെ റൺമല പടുത്തുയർത്തിയപ്പോൾ പൊരുതാൻ പോലുമാകാതെ ഇന്ത്യൻ കൗമാരനിര തകർന്നടിഞ്ഞു.
113 പന്തിൽ 172 റൺസ് നേടിയ സമീർ മിൻഹാസാണ് പാക്കിസ്ഥാനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 26.2 ഓവറിൽ 156 റൺസിന് എല്ലാവരും പുറത്തായി. 16 പന്തിൽ 36 റൺസ് നേടിയ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
വൈഭവ് സൂര്യവൻഷി (26), ആരോൺ ജോർജ് (16), അഭിഗ്യാൻ കുണ്ടു (13), ഖിലൻ പട്ടേൽ (19) എന്നിവരാണ് രണ്ടക്കം കണ്ട ഇന്ത്യൻ താരങ്ങൾ. ആയുഷ് മാത്രെ (2), വിഹാൻ മൽഹോത്ര (7), വേദാന്ത് ത്രിവേദി (9), കനിഷ്‌ക് ചൗഹാൻ (9), ഹെനിൽ പട്ടേൽ (9) എന്നിവർ അമ്പേ പരാജയപ്പെട്ടു. വാലറ്റത്ത് ദീപേഷ് പുറത്തെടുത്തു പ്രകടനമാണ് തോൽവിഭാരം കുറച്ചത്.
16 പന്തുകൾ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടി. പാക്കിസ്ഥാന് വേണ്ടി അലി റാസ നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സയ്യാം, അബ്ദുൾ സുബ്ഹാൻ, ഹുസൈഫ അഹ്‌സാൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. അതേസമയം പാക്കിസ്ഥാന്റെ രണ്ടാം അണ്ടർ 19 ഏഷ്യാ കപ്പ് കിരീടമാണിത്. 2012ൽ ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത ജേതാക്കളായിരുന്നു.















































