തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ വിവിധ കോർപ്പറേഷനുകൾ, നഗരസഭകൾ, ത്രിതല പഞ്ചായത്തുകളിലാണ് ഇന്നു സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ മുതിർന്ന അംഗമായ യുഡിഎഫ് പ്രതിനിധി കെ.ആർ. ക്ലീറ്റസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ഇദ്ദേഹം മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
അതേസമയം യുഡിഎഫ് അംഗം കെ.എസ്. ശബരീനാഥനും മറ്റുചില യുഡിഎഫ് അംഗങ്ങളും ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ മറ്റ് യുഡിഎഫ്- ബിജെപി അംഗങ്ങൾ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞചെയ്തത്. കുന്നുകുഴിയിൽനിന്നുള്ള യുഡിഎഫ് അംഗം മേരിപുഷ്പം സത്യപ്രതിജ്ഞയ്ക്ക് ശേഷം ശരണംവിളിച്ചു. ബിജെപി അംഗമായ ആശാനാഥും സത്യപ്രതിജ്ഞയ്ക്ക് ശേഷം ശരണം വിളിച്ചു.
എന്നാൽ ശാസ്തമംഗലം വാർഡിലെ ബിജെപി കൗൺസിലറായ ആർ. ശ്രീലേഖ വന്ദേമാതരം മുഴക്കിയാണ് സത്യപ്രതിജ്ഞ പൂർത്തിയാക്കിയത്. ചെല്ലമംഗലം വാർഡിലെ എൽഡിഎഫ് കൗൺസിലർ അരുൺ വട്ടവിളി സത്യപ്രതിജ്ഞയ്ക്ക് ശേഷം ‘രക്തസാക്ഷികൾ സിന്ദാബാന്ദ്’ മുദ്രാവാക്യം വിളിച്ചു. ബിജെപി കൗൺസിലറായ കരമന അജിത്ത് സംസ്‌കൃതത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
അതേസമയം പ്രകടനമായാണ് ബിജെപി അംഗങ്ങൾ കോർപ്പറേഷൻ ഓഫിസിലെക്കെത്തിയത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ഗണഗീതം പാടിയത് തർക്കത്തിനിടയാക്കി. ബിജെപിയുടേത് വർഗീയ അജൻഡയാണെന്ന് സിപിഎം ആരോപിച്ചു. മാത്രമല്ല പാസില്ലാതെയാണ് ബിജെപി പ്രവർത്തകർ അകത്ത് കയറിയതെന്നും ഭരണഘടനാ സംവിധാനത്തെ അട്ടിമറിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും സിപിഎം അംഗങ്ങൾ ആരോപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയനേതാവ് പ്രകാശ് ജാവഡേക്കർ തുടങ്ങിയവരും എത്തിയിരുന്നു.
















































