കടയ്ക്കൽ: വർഷങ്ങൾക്കു മുൻപ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഒരു പുരുഷോത്തമൻ ഉണ്ടായിരുന്നു. നേതൃത്വവുമായുള്ള ഭിന്നതയിൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു… പിന്നീടങ്ങോട്ട് പുരുഷോത്തമനും കുടുംബത്തിനും ഭീഷണിയുടെ നാളുകളായിരുന്നു. പാർട്ടി ഗ്രാമമായ ഇവിടെ മറ്റു പാർട്ടിക്കാരെ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. പുരുഷോത്തമനെതിരേ ഭീഷണി, മർദനം, ഊരുവിലക്ക്, വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തൽ എന്നിവ നിരന്തരമായുണ്ടായി. വർഷങ്ങളായി അനുഭവിച്ച മാനസിക പീഡനങ്ങൾക്ക് കണക്കില്ലെന്ന് കുടുംബം പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ബൂത്തിൽനിന്ന് ഇറങ്ങിവരുമ്പോൾ പാർട്ടിക്കാർ കൂട്ടംകൂടിനിന്ന് കൂകും. മുണ്ട് വലിച്ചൂരും. മുഖത്തടിച്ച അനുഭവങ്ങൾ പോലുമുണ്ടായിട്ടുണ്ടെന്നും കുടുംബം പറയുന്നു.
ഇതു പഴയ കഥ, കാലം മാറി, പുരുഷോത്തമന്റെ പിൻഗാമിയായി മകൾ അശ്വതി ഉത്തമൻ തെരഞ്ഞെടുപ്പ് അങ്കത്തട്ടിലിറങ്ങി… പിന്നീടങ്ങോട്ട് കഥയുടെ ട്വിസ്റ്റ് ആരംഭിച്ചു. അതിപ്പോൾ കുമ്മിൾ പഞ്ചായത്തിലെ സിപിഎം കോട്ടയായ തൃക്കണ്ണാപുരത്തുനിന്ന് കോൺഗ്രസ് സ്ഥാനാർഥി പൊരുതിനേടി പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്തതുവരെ എത്തി നിൽക്കുന്നു. ശരിക്കും പറഞ്ഞാൽ മുഖത്തടിച്ചവന് പതിന്മടങ്ങ് പവറോടെ തിരിച്ചുകൊടുത്തപോലെ…മകൾ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ കർഷകനായ അച്ഛൻ തൃക്കണ്ണാപുരം നീലാ കോട്ടേജിൽ പുരുഷോത്തമൻ ഞായറാഴ്ച മുൻനിരയിലുണ്ടായിരുന്നു.
ബിരുദാനന്തര ബിരുദധാരിയായ മകളെ കോൺഗ്രസിലൂടെ സ്വന്തം വാർഡിൽനിന്ന് പഞ്ചായത്തംഗമാക്കി താനും കുടുംബവും അനുഭവിച്ച പീഡനങ്ങൾക്ക് മറുപടി നൽകുകയെന്നതായിരുന്നു പുരുഷോത്തമന്റെ ലക്ഷ്യം. കഴിഞ്ഞതവണ സംവരണ വാർഡായ ആനപ്പാറയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ ജനറൽ വാർഡായ തൃക്കണ്ണാപുരം കോൺഗ്രസ് അശ്വതി ഉത്തമന് നൽകി. ഇവിടെ അനായാസ വിജയം പ്രതീക്ഷിച്ച ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ച് 19 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അശ്വതി വിജയക്കൊടി പാറിച്ചു. പ്രശ്‌നബാധിത ബൂത്തായ ഇവിടെ സ്വന്തം ചെലവിൽ പണംമുടക്കി നിരീക്ഷണ ക്യാമറ ഉൾപ്പെടെ അശ്വതി സ്ഥാപിച്ചിരുന്നു.

















































