കൊച്ചി: കൂത്താട്ടുകുളം നഗരസഭയിൽ സത്യപ്രതിജ്ഞ ചടങ്ങിനിടെ കൗൺസിലർക്ക് മർദനം. മർദനത്തിൽ യുഡിഎഫ് കൗൺസിലർ ജോമി മാത്യുവിന്റെ കഴുത്തിന് പരുക്കേറ്റു. സംഭവത്തിൽ മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.
താൻ ജയിച്ചതിലെ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണം. താൻ സത്യപ്രതിജ്ഞ ചെയ്യാൻ തയാറെടുക്കുമ്പോൾ പെട്ടെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ജോമി പ്രതികരിച്ചു. ജോസഫ് കുര്യനും മകൻ അനീഷും എന്നെ ജയിപ്പിക്കരുതെന്ന് പറഞ്ഞു നടക്കുകയായിരുന്നു. തന്നോട് വിദ്വേഷമുണ്ടായിരുന്നു. മർദനത്തിൽ പരാതി കൊടുത്തിട്ടുണ്ടെന്നും ജോമി പറഞ്ഞു. അതേസമയം തന്നെ കഴിഞ്ഞ ദിവസം ജോമി തല്ലിയെന്നായിരുന്നു ജോസഫ് കുര്യന്റെ പ്രതികരണം.
അതേസമയം ഇടത് അംഗം കലാ രാജുവിൻ്റെ കാലുമാറ്റത്തിൽ ശ്രദ്ധാകേന്ദ്രമായ കൂത്താട്ടുകുളം നഗരസഭ യുഡിഎഫ് നിലനിർത്തിയിരുന്നു. യുഡിഎഫിന് 16 സീറ്റും എൽഡിഎഫ് 10 സീറ്റുമാണ് ലഭിച്ചത്. 2025ൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ തുടർന്നാണ് എൽഡിഎഫിൽ നിന്ന് ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ ജനുവരിയിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ കൗൺസിലറായിരുന്ന കല രാജുവിനെ സിപിഐഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയത് ഏറെ വിവാദമായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പിന്തുണയോടെ ചെയർപേഴ്സൺ മത്സരിച്ച കല രാജു വിജയിക്കുകയും ചെയ്തു. വോട്ടെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയെ ഒരു വോട്ടിനാണ് കലാ രാജു പരാജയപ്പെടുത്തിയത്.
















































