പോത്തൻകോട്: തദ്ദേശതെരഞ്ഞെടുപ്പിൽ ഭാര്യയ്ക്കു സീറ്റ് നൽകിയാൽ അതിനെതിരെ രംഗത്തുവരുമെന്നു ഫേസ്ബുക്കിൽ കുറിപ്പിട്ട വെമ്പായം വേറ്റിനാട് സ്വദേശി എം. അജിത്കുമാറി (53)ന്റെ ദുരൂഹമരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ സർക്കാർ നിയോഗിക്കും. മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ജി.ആർ അനിൽ മുഖ്യമന്ത്രിക്കു കത്തുനൽകിയതിന് പിന്നാലെയാണ് നടപടി. വട്ടപ്പാറ പോലീസിൽ നിന്ന് അന്വേഷണം മാറ്റണമെന്ന് ആവശ്യപ്പെട്ട് അജിതിന്റെ രക്ഷിതാക്കൾ നൽകിയ പരാതിയടക്കമാണു മന്ത്രി കൈമാറിയത്. അജിതിന്റെ കുടുംബവീട്ടിലെത്തി അമ്മ രാധാദേവിയെയും അച്ഛൻ മാധവൻനായരെയും മന്ത്രി ജി.ആർ. അനിലും സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയും സന്ദർശിച്ചു.
അതേസമയം ഒക്ടോബർ 19ന് രാവിലെ 5നാണ് അജിത്തിനെ വീട്ടിലെ ഓഫിസ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് അജിത്ത് ജീവനൊടുക്കിയെന്നായിരുന്നു മകൻ വിനായക് ശങ്കർ നൽകിയ മൊഴി. എന്നാൽ 60 ദിവസം കഴിഞ്ഞു പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ മരണകാരണം തലയ്ക്കേറ്റ പരുക്കാണെന്നു തെളിഞ്ഞു. സംഭവ ദിവസം അജിത്തും താനും തമ്മിൽ ഏറ്റുമുട്ടിയെന്നും വടിയെടുത്ത് അച്ഛനെ അടിച്ചെന്നും വിനായക് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് അജിത്തിന്റെ അച്ഛനും അമ്മയും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ബീനയെയും വിനായകിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാൽ ഭർത്താവിന്റെ മരണത്തിൽ തനിക്ക് സംശയമുണ്ടായിരുന്നില്ലെന്ന് ബീന പ്രതികരിച്ചു. വണ്ടിയുടെ താക്കോലിനു വേണ്ടി അജിത്തും മകനും തമ്മിൽ പിടിവലി നടന്നിരുന്നു. താക്കോൽ കൊടുക്കാത്തതു കൊണ്ട് ടോർച്ച് കൊണ്ട് അടിക്കാൻ അജിത് ശ്രമിച്ചപ്പോൾ, ചെമ്പരത്തി കമ്പെടുത്തു മകൻ അടിക്കുകയായിരുന്നെന്നും ബീന മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
എന്നാൽ അജിത്തിൻറെ മൃതദേഹത്തിൽ മുറിവുകളും ചതവുകളും കണ്ടിട്ടും ശരിയായ അന്വേഷണമോ, ചോദ്യം ചെയ്യലോ നടത്തിയില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിട്ടും മൃതദേഹം കിടന്ന മുറി അടച്ചുപൂട്ടി സീൽ ചെയ്തില്ല. മരണത്തിൽ ആരോപണം ഉന്നയിച്ച ബന്ധുക്കളെ ഇൻക്വസ്റ്റ് സമയത്ത് ഒഴിവാക്കി. അജിത്തിന്റെ ഫേസ്ബുക് പോസ്റ്റ് മരണ ശേഷം മകൻ നീക്കം ചെയ്തതിലും അന്വേഷണമുണ്ടായില്ല. അച്ഛൻ ആത്മഹത്യയെക്കുറിച്ച് പറഞ്ഞെന്നാണ് മകൻ പോലീസിന് നൽകിയ മൊഴി. മൊഴിയിൽ വൈരുധ്യമുണ്ടായിട്ടും അന്വേഷിച്ചില്ല. മരണാനന്തര ചടങ്ങുകൾക്കു ശേഷം വീട്ടിലെ മുറികൾ പെയിന്റടിച്ച വിവരം അറിഞ്ഞിട്ടും അക്കാര്യം പരിശോധിച്ചില്ല.
അതേസമയം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായിരുന്ന ബീന, കോൺഗ്രസ് സ്ഥാനാർഥിയായി വെമ്പായം പഞ്ചായത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

















































