മലയാള സിനിമാ ലോകത്ത് ഇന്നും എതിർവാക്കുകളില്ലാത്ത തിരക്കഥാകൃത്താണ് ശ്രീനിവാസൻ. ഹാസ്യത്തിൽപൊതിഞ്ഞ് രാഷ്ട്രീയമായാലും മലയാളികളുടെ കാഴ്ചപ്പാടുകളും വ്യക്തമായി അഭ്യപാളികളിലെത്തിക്കാൻ ശ്രീനിവാസനെന്ന തിരക്കഥാകൃത്തിന്റെ കഴിവ് വാക്കുകൾക്കതീതമാണ്. ഒരിക്കൽ തിരക്കഥാകൃത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന് പതിവ് പൊട്ടിച്ചിരിയോടെ അയാൾ പറഞ്ഞു എന്നെ കൊണ്ട് ആ ചതി ചെയ്യിച്ചത് പ്രിയദർശൻ ആണെന്ന്… ഓരോ വാക്കിലും ഹാസ്യം, അതിലൂടെ മറുസൈഡിൽ നിൽക്കുന്നയാൾ പൊട്ടിച്ചിരിക്കുകയും അതോടൊപ്പം കാര്യങ്ങൾ ഗ്രഹിക്കുകയും ചെയ്യും.
അതേസമയം തന്റെ ഗുരുതുല്യനായ സുഹൃത്ത് എന്നാണ് പ്രിയദർശൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ആ ‘വെളളാനകളുടെ നാട്’ എന്ന സിനിമയുടെ കഥ കേട്ട പ്രിയൻ, ഇത് എങ്ങനെ സിനിമയാക്കുമെന്ന് വളരെ ദേഷ്യത്തോടെ ശ്രീനിയോട് ചോദിച്ചു. കരാർ സമ്പ്രദായത്തിലെ നിയമപരമായ നൂലാമാലകൾ പ്രതിപാദിക്കുന്ന തീർത്തും വസ്തുതാപരമായ വരണ്ട ഒരു പ്രമേയം രസകരമായ തിരക്കഥയുടെ ചട്ടക്കൂട്ടിലിട്ട് അണിയിച്ചൊരുക്കുന്നതെങ്ങനെയെന്ന് പ്രിയനുപോലും അറിയില്ലായിരുന്നു. കഥ ഇഷ്ടപ്പെട്ടു പക്ഷെ എഴുതി പിടിക്കുക ഒരു ബാലികേറാ മലതന്നെയാണ്. മറുപടിയായി പതിവ് ചിരിയെത്തി. പിന്നെ ആ വഴി പോകുന്ന ആൾക്കാർ, വാഹനങ്ങൾ തുടങ്ങി പല വഴികളിലൂടെയായി ഓരോ സീനുകൾ പ്രിയന്റെ കൈകളിലേക്കെത്തിത്തുടങ്ങി… അതായിരുന്നു ശ്രീനിവാസൻ മാജിക്.
ആ സീനുകൾ വായിച്ച പ്രിയദർശൻ പൊട്ടിച്ചിരിച്ചു. അഭിനയിച്ച നടൻമാരും ചിരിച്ചു. തിയറ്ററുകളിലെത്തിയപ്പോൾ കാണികൾ ഒന്നടങ്കം തലയറുത്ത് വീണുകിടന്നു ചിരിച്ചു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ആ സിനിമ കണ്ട് ജനലക്ഷങ്ങൾ ചിരിച്ചുകൊണ്ടേയിരിക്കുന്നു. മലയാളിയുടെ മാറിയ അഭിരുചികൾ പോലും ശ്രീനിവാസന്റെ സിനിമകൾ ആസ്വദിക്കുന്നതിൽ തടസമാവുന്നില്ല. ശ്രീനിവാസൻ ഹാസ്യം തുടങ്ങി ഇന്നത്തെ ന്യൂജൻ തഗ്ഗുകൾക്കു പോലും ശ്രീനിവാസൻ ടച്ച്.
1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദർശൻ ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറിയ ശീനിവാസൻ എഴുത്തുവഴിയിൽ 4 പതിറ്റാണ്ട് പിന്നിട്ടിരുന്നു. എന്നാൽ അതിനും എത്രയോ വർഷം മുൻപേ പല സിനിമകളുടെയും അണിയറയിൽ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടറായും ഗോസ്റ്റ് റൈറ്ററായും ശ്രീനി പ്രവർത്തിച്ചിരുന്നു. കെ.ജി. ജോർജ് സംവിധാനം ചെയ്ത മേളയിൽ ശ്രീധരൻ ചമ്പാടിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്ന ജോലിയുമായി സഹകരിച്ചുകൊണ്ടായിരുന്നു തുടക്കം.
അന്നു ജോർജ് അടക്കം പലർക്കുമൊപ്പം ചർച്ചയിൽ പങ്കെടുത്ത ശ്രീനിയുടെ പല അഭിപ്രായങ്ങളും വിലമതിക്കപ്പെട്ടു. എന്നാൽ തിരക്കഥ എന്ന സാങ്കേതികവും സൗന്ദര്യശാസ്ത്രപരവും ഘടനാപരവുമായ എഴുത്തിന്റെ രീതികളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണ ലഭിക്കുന്നത് ആ ദിവസങ്ങളിലാണെന്ന് പിൽക്കാലത്ത് ശ്രീനി വെളിപ്പെടുത്തിയിട്ടുണ്ട്.
നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു, 48 വര്‍ഷത്തെ സിനിമാ ജീവിതത്തിന് വിരാമം














































