തിരുവനന്തപുരം: ഐഎഫ്എഫ്‌കെയ്ക്ക് കൊടിയിറങ്ങുമ്പോൾ കേന്ദ്രം കൊളുത്തിവിട്ട ഒരു പിടി വിവാദങ്ങളും കൂടിയാണ് പടിയിറങ്ങുന്നത്. ഇത്തവണ 19 സിനിമകൾക്കാണ് കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചത്. ഇതിനെതിരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രതിഷേധത്തെ തുടർന്ന് 13 സിനിമകൾക്ക് പ്രദർശനാനുമതി ലഭിച്ചെങ്കിലും ആറെണ്ണത്തിനുള്ള പ്രദർശനാനുമതി നിഷേധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നസ്വരങ്ങളെയും വൈവിധ്യമാർന്ന സർഗാവിഷ്‌കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി ഇതിനെ കണക്കാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഐഎഫ്എഫ്‌കെ സമാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
‘അങ്ങേയറ്റം അപഹാസ്യമായ തീരുമാനമായിരുന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റേത്. ഉദാഹരണത്തിന് ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയുടെ പ്രദർശനാനുമതി നിഷേധിച്ചു. കാരണം ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളു. എന്നാൽ ബീഫ് എന്ന ഭക്ഷണ പദാർത്ഥവുമായി സിനിമയ്ക്ക് പുലബന്ധം പോലുമില്ലായിരുന്നു. സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്‌ഹോപുമായി ബന്ധപ്പെട്ട സിനിമയായിരുന്നു അത്. ഇതിൽ ബീഫെന്നാൽ പോരാട്ടം കലഹം എന്നൊക്കെയാണ് അർത്ഥം. ഇത് തിരിച്ചറിയാതെ ബീഫ് എന്ന് കേട്ടയുടൻ ഇവിടുത്തെ ബീഫാണെന്ന് കണക്കാക്കി അതിനെതിരെ വാളെടുക്കുന്ന നിലയാണ് കേന്ദ്രം സ്വീകരിച്ചത്. എത്ര പരിഹാസ്യമായ കാര്യമാണിത്. ഒടുവിൽ തങ്ങൾ ഉദ്ദേശിക്കുന്ന ബീഫല്ലെന്ന് മനസിലായതോടെയാണ് പ്രദർശനാനുമതി നൽകിയത്’, മുഖ്യമന്ത്രി പരിഹസിച്ച് പറഞ്ഞു.
അതുപോലെ ലോക ക്ലാസിക്കായ ബാറ്റിൽ ഷിപ്പ് പോടെകിൻ എന്ന സിനിമയുടെ പ്രദർശനാനുമതി വിലക്കിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോക സിനിമയെ കുറിച്ചുള്ള കേന്ദ്ര ഭരണ സംവിധാനത്തിന്റൈ അജ്ഞതയുടെ നിർലജ്യമായി വേണം ഇതിനെ കണക്കാക്കാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 30 വർഷം പ്രായമായ ഐഎഫ്എഫ്‌കെയെ ഞെരിച്ചു കൊല്ലാനുള്ള നടപടിയാണിതെന്നും ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ കൃത്യമായ നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഫാസിസ്റ്റ് നടപടികളെ ചെറുത്തുകൊണ്ട് ഐഎഫ്എഫ്‌കെ ഇവിടെ തന്നെ ഉണ്ടാകും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന് മുന്നിൽ ഒരിക്കലും മുട്ടുമടക്കില്ല. ഏതൊക്കെ സിനിമക്കാർ കേരളത്തിൽ വരണമെന്ന് പോലും കേന്ദ്രം കൈ കടത്തുന്നു. ചില ചലച്ചിത്ര പ്രവർത്തകർക്ക് സന്ദർശന അനുമതി വിലക്കിയ നടപടി ഇത്തവണയും ഉണ്ടായി. ഞങ്ങൾക്ക് ഇഷ്ടമല്ലാത്തവരോട് നിങ്ങളും സഹകരിക്കേണ്ട എന്ന നിലപാടാണ്. തുർക്കി സിനിമയുടെ സംവിധായകന് വിസ നിഷേധിച്ചു. താനാണോ തന്റെ രാജ്യമാണോ പ്രശ്‌നം എന്നാണ് അവർ പരസ്യമായി ചോദിച്ചത്. വർഗീയതക്കും സങ്കുചിത ചിന്തകൾക്കും വിട്ടുകൊടുക്കാൻ ഉള്ളതല്ല കേരളം,’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ഐഎഫ്എഫ്കെയിൽ 19 സിനിമകൾക്കാണ് ആദ്യം പ്രദർശനാനുമതി നിഷേധിച്ചത്. സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് സിനിമകൾ പ്രദർശിപ്പിക്കാനുളള അനുമതി നിഷേധിച്ചത്. പലസ്തീൻ പ്രമേയമായതും കേന്ദ്ര സർക്കാർ നിലപാടുകളെ വിമർശിക്കുന്നതുമായ ചിത്രങ്ങൾക്കായിരുന്നു അനുമതി നിഷേധിച്ചത്.

















































