പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെയും എസ്‌ഐടി അറസ്റ്റ് ചെയ്തു. ഇരുവരുടെയും പങ്ക് കൃത്യമായി തെളിഞ്ഞതോടെയാണ് അറസ്റ്റിലേക്കു കടന്നത്. ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയത് സ്മാർട്ട് ക്രിയേഷൻസിനായിരുന്നു. ശിൽപത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയാണ്. സ്വർണക്കൊള്ളയിൽ ഇരുവർക്കും കൃത്യമായ പങ്കുണ്ടെന്ന് തെളിവുകളോടെ എസ്‌ഐടിക്ക് ബോധ്യമായതിന് പിന്നാലെയാണ് അറസ്റ്റ്.
മാത്രമല്ല സ്വർണപ്പാളികൾ വേർതിരിച്ചെടുക്കുന്നതിന് പങ്കജ് ഭണ്ഡാരി എല്ലാ വിധ പിന്തുണ നൽകിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഗോവർധനാണ് ഈ സ്വർണം സൂക്ഷിച്ചത്. ശബരിമലയിലെ സ്വർണമാണ് ഇതെന്ന ബോധ്യത്തോടെയാണ് ഗോവർധൻ സ്വർണം സൂക്ഷിച്ചതെന്ന തെളിവുകളും എസ്‌ഐടിക്ക് ലഭിക്കുകയായിരുന്നു. കൂടാതെ പങ്കജ് ഭണ്ഡാരി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒന്നിലധികം തവണ ഇടപെടൽ നടത്തി. അന്വേഷണം വഴിതിരിച്ചുവിടാൻ ഇയാൾ വൈരുദ്ധ്യമുള്ള മൊഴികൾ നൽകി. സ്മാർട്ട് ക്രിയേഷനിൽ സ്വർണത്തിന്റെ അളവടക്കം രേഖപ്പെടുത്തിയ രേഖകൾ പങ്കജ് ഭണ്ഡാരി നശിപ്പിച്ചെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്‌ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനവുമായി ഇന്ന് രംഗത്തെത്തി. ഇതിനു പിന്നാലെയാണ് നിർണായക അറസ്റ്റുണ്ടായിരിക്കുന്നത്. അന്വേഷണത്തിൽ എസ്ഐടി ഗുരുതര ആലസ്യം കാണിക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. ഡിസംബർ അഞ്ചിന് ശേഷം എസ്‌ഐടി ഗുരുതര ആലസ്യത്തിലാണ്. ചില കുറ്റവാളികളെ ഒഴിവാക്കിക്കൊണ്ടാണോ അന്വേഷണമെന്നും ഹൈക്കോടതി ചോദിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജു, ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിലാണ് എസ്ഐടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്.
കൂടാതെ ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിക്ക് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഇഡി അന്വേഷണത്തിന് കൊല്ലം വിജിലൻസ് കോടതി അനുമതി നൽകി.


















































