കൊച്ചി: പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയുടെ കരണ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സസ്പെൻഷനിലായ എറണാകുളം നോർത്ത് മുൻ എസ്എച്ച്ഒ കെ.ജി. പ്രതാപ ചന്ദ്രനെതിരെ പരാതി പ്രവാഹം. മർദനവും നാവിൽ കേട്ടാലറയ്ക്കുന്ന അസഭ്യവർഷവുമായി നടക്കുന്ന പ്രതാപ ചന്ദ്രന്റെ മർദനത്തിനും അസഭ്യവർഷത്തിനും ഇരയായിട്ടുണ്ടെന്ന ഒട്ടറെ പരാതികളാണ് പുറത്തു വരുന്നത്.
അതിൽ ഇരയായവരിൽ നിയമവിദ്യാർഥിനിയിൽ തുടങ്ങി സിനിമ പ്രവർത്തകരും ബസ് ജീവനക്കാരും അടക്കമുള്ളവവരുണ്ട്. ചോദിക്കുന്നതിനു മറുപടി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അടി എന്നതാണ് പ്രതാപ ചന്ദ്രന്റെ സ്വഭാവമെന്നാണ് ദുരനുഭവം നേരിട്ടിട്ടുള്ളവർ പറയുന്നത്. ‘മിന്നൽ പ്രതാപൻ’ എന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ സേനയ്ക്കുള്ളിലും പരിചിതവൃത്തങ്ങളിലും അറിയപ്പെടുന്നത്. എറണാകുളം നോർത്ത് സിഐ ആയിരിക്കെയാണ് ഇയാൾക്കെതിരെ ഏറ്റവും കൂടുതൽ പരാതികൾ കൂടുതലും ഉയർന്നിട്ടുള്ളത്.
അതേസമയം കഴിഞ്ഞ വർഷം ഗർഭിണിയുടെ മുഖത്തടിച്ച കേസും ഇയാൾ നോർത്ത് പോലീസിൽ ഉള്ളപ്പോഴായിരുന്നു. പിന്നീട് ഒൻപതു മാസം അരൂർ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. തൊടുപുഴ സ്വദേശിയും ഗർഭിണിയുമായിരുന്ന ഷൈമോളുടെ കരണത്തടിക്കുന്ന വിഡിയോ പുറത്തു വന്നതിനു പിന്നാലെ പ്രതാപ ചന്ദ്രന്റെ മർദനത്തിനിരയായവരുടെ നിരവധി അനുഭവ കഥകളാണ് പുറത്തുവരുന്നത്.
സുഹൃത്തായ വനിതാ എസ്ഐ അപ്പോൾ വന്നില്ലായിരുന്നെങ്കിൽ അയാൾ ഷൈമോളെ അടിച്ചതു പോലെ എന്നേയും അടിച്ചേനെ’- നിയമ വിദ്യാർഥിനി
2023ൽ സുഹൃത്തായ വനിതാ എസ്ഐയെ കാണാനെത്തിയ നിയമവിദ്യാർഥി പ്രീതി രാജ് തനിക്കുണ്ടായ അനുഭവം വിവരിക്കുന്നതിങ്ങനെ. ‘‘ബൈക്കിൽ നോർത്ത് സ്റ്റേഷനിലേക്കെത്തി അവിടെ വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ പുറത്ത് സിവിൽ വേഷത്തിൽ നിന്നിരുന്ന പ്രതാപചന്ദ്രൻ അടുത്തേക്ക് വിളിച്ചു. അദ്ദേഹത്തെ കണ്ടപ്പോൾ അവിടെ പാർക്കിങ് പാടില്ല എന്നു കരുതി അടുത്തേക്ക് ബൈക്ക് ഓടിച്ചു ചെന്നപ്പോൾ ‘ഹെൽമറ്റ് ശരിയല്ല’ എന്നാണ് പ്രതാപചന്ദ്രൻ പറഞ്ഞത്.
കുറെക്കാലമായി ഉപയോഗിക്കുന്ന ഹെൽമറ്റ് ആണെന്നും ഇതുവരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ലെന്ന് മറുപടി പറഞ്ഞതും പ്രതാപചന്ദ്രൻ എന്റെ ഫോട്ടോ എടുത്തു തുടങ്ങി. എന്റെ ഫോട്ടോ എടുക്കരുതെന്നും ആവശ്യമെങ്കിൽ ബൈക്കിന്റെ എടുക്കാനും പറഞ്ഞു. പിന്നീട് അയാളുടെ വായിൽനിന്നു വന്ന കാര്യങ്ങൾ പുറത്തു പറയാൻ കൊള്ളില്ല. സുഹൃത്തായ വനിതാ എസ്ഐ അപ്പോൾ വന്നില്ലായിരുന്നെങ്കിൽ അയാൾ ഷൈമോളെ അടിച്ചതു പോലെ എന്നേയും അടിച്ചേനെ’’– പ്രീതി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് മേധാവി മുതൽ താഴേക്കുള്ളവർക്ക് പരാതി നൽകിയിട്ടും ഒന്നുമുണ്ടായില്ലെന്നും മനസു മടുത്തു പോയെന്നും പ്രീതി രാജ് വിവരിക്കുന്നു.
എന്തിനാണ് തല്ലിയതെന്നു ചോദിച്ചതെ കൈ ചുരുട്ടി മുഖത്തടിച്ചു, പിന്നെ തുടരെത്തുടരെ തല്ലി- റിനീഷ്
2023 ഏപ്രിലിലായിരുന്നു മാൻപവർ സപ്ലൈ കമ്പനിയിൽ ജീവനക്കാരനായ റിനീഷിനെ പ്രതാപചന്ദ്രൻ മർദിച്ചത്. ഹോട്ടലുകളിലേക്കും മറ്റും ഇതര സംസ്ഥാനക്കാരായ ജോലിക്കാരെ കണ്ടെത്തി എത്തിച്ചുകൊടുക്കലാണ് റിനീഷിന്റെ ജോലി. അതിനായി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ ഒക്കെ നിരന്തരം സന്ദർശിക്കും. ഇത്തരത്തിൽ ജോലി ചെയ്യുന്നതിനിടെ ഉച്ചയ്ക്ക് കൊടുംചൂടിൽ വിശ്രമിക്കാനായി എറണാകുളം നോർത്ത് പാലത്തിനടിയിലെ തണലിൽ ഇരിക്കുകയായിരുന്നു റിനീഷ്.
അതിനിടെ രണ്ടു പോലീസുകാർ അടുത്തെത്തി എന്താണ് ഇവിടെ ഇരിക്കുന്നത് എന്നു ചോദിച്ചു. അവരോട് സംസാരിച്ചുകൊണ്ടിരിക്കെ പ്രതാപചന്ദ്രൻ വന്നു. പേരും വീടുമൊക്കെ ചോദിച്ചു. കാക്കനാട് ആണ് താമസിക്കുന്നതെന്നു പറഞ്ഞപ്പോൾ അവിടെ ഉള്ളവനെന്തിനാണ് എറണാകുളത്ത് വന്നതെന്നു ചോദിച്ചു. പോക്കറ്റിലെന്താണെന്ന് ചോദിച്ചപ്പോൾ ഹെഡ് സെറ്റാണെന്ന് പറഞ്ഞു. അത് എടുക്കുന്ന സമയത്ത് ലാത്തി കൊണ്ടടിക്കുകയായിരുന്നു. നന്നായി വേദനിച്ചു. എന്തിനാണ് തന്നെ തല്ലിയതെന്നു ചോദിച്ചതും പ്രതാപചന്ദ്രൻ കൈ ചുരുട്ടി മുഖത്തടിക്കുകയായിരുന്നുവെന്ന് റിനീഷ് പറഞ്ഞു. ഇതിനെ എതിർത്തതോടെ വീണ്ടും വീണ്ടും തല്ലി.
ആളുകളെ പോലീസുകാർ തന്നെയാണ് ക്രിമിനൽ ആക്കുന്നതെന്ന് പറഞ്ഞപ്പോൾ സ്റ്റേഷനിൽ കൊണ്ടുപോയി കാണിച്ചു തരാമെന്ന് അവിടേക്കു കൊണ്ടുപോയി വൈകുന്നേരം വരെ ഇരുത്തി. പിന്നീട് ഛർദിച്ചപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയതും ജാമ്യത്തിൽ പുറത്തിറങ്ങിയതുമെന്നും റിനീഷ് പറഞ്ഞു. ആ സംഭവത്തിനു ശേഷം പോലീസ് അതിക്രമത്തിനെതിരെ റിനീഷ് പലയിടത്തും പരാതികൾ നൽകി, പക്ഷേ ഒന്നും സംഭവിച്ചിട്ടില്ലെന്നും നിലവിൽ ഡെലിവറി ജോലി ചെയ്യുന്ന റിനീഷ് പറയുന്നു.
താടിരോമങ്ങൾ പിഴുതെടുക്കും അടിവയറ്റിൽ അതിശക്തമായി മുഷ്ടി ചുരുട്ടി ഇടിക്കുക- ബസ് ജീവനക്കാർ
2023 ജൂലൈയിലാണ് പ്രതാപചന്ദ്രന്റെ പേരിലുള്ള അടുത്ത പരാതിയും ഉയരുന്നത്. ചേരാനല്ലൂർ–തൃപ്പൂണിത്തുറ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസ് ബാനർജി റോഡിൽ വച്ച് ഒരു കാറിനു പിന്നിൽ ഇടിച്ചു. കാറുകാരൻ പെട്ടെന്ന് ചവിട്ടിയതാണ് അപകടകാരണമെന്ന് ബസ് ജീവനക്കാരായ ഡ്രൈവർ അജ്മലും കണ്ടക്ടർ ജിഷ്ണു രാജും പറയുന്നു. പിന്നീട് ഇരുകൂട്ടരും നോർത്ത് പോലീസ് സ്റ്റേഷനിലെത്തി. തങ്ങൾ ഇരുവരും സ്റ്റേഷനിൽ നേരിട്ടത് അതിക്രൂരമായ മർദനമാണെന്ന് സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു.
സ്റ്റേഷമിലെത്തിയ തങ്ങളുടെ കരണത്തും ആഞ്ഞടിച്ചു, അടിവയറ്റിൽ അതിശക്തമായി മുഷ്ടി ചുരുട്ടി ഇടിച്ചു, കുനിച്ചു നിർത്തി കൈമുട്ടുകൊണ്ട് നടുവിൽ ശക്തമായി ഇടിക്കുകയും നട്ടെല്ലിനു ക്ഷതമേൽപ്പിക്കുകയും ചെയ്തു തുടങ്ങിയ ക്രൂരതകൾ തങ്ങൾ നേരിട്ടു എന്നാണ് ഇരുവരും പറയുന്നത്. കൂടാതെ അജ്മലിന്റെ നീട്ടി വളർത്തിയ താടിരോമങ്ങൾ പിഴുതു പറിച്ചെടുക്കുകയും ചെയ്തുവെന്ന് കമ്മിഷണർക്ക് നൽകിയ പരാതിയിൽ ഇരുവരും പറയുന്നു.
സിനിമക്കാരെ കണ്ടതേ ചോദിച്ചത് എവിടെയാടാ മരുന്ന് വച്ചിരിക്കുന്നത്? പിടിച്ചുവാങ്ങിയ ഫോണിന് എന്തുസംഭവിച്ചുവെന്നത് ഇന്നും അജ്ഞാതം
മറ്റൊരനുഭവം വിവരിക്കുന്നത് പാലക്കാട് സ്വദേശികളും സിനിമ പ്രവർത്തകരുമായ സനൂപും രാഹുൽ രാജുമാണ്. ഒരു സിനിമയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് 2023ൽ ഇരുവരും കൊച്ചിയിലെത്തുന്നത്. ജോലിക്കു ശേഷം രാത്രി ഒരു മണിയോടെ പുറത്തിറങ്ങിയ ഇരുവരേയും നോർത്ത് സ്റ്റേഷനിൽ നിന്നുള്ള ഏഴോളം പോലീസുകാർ വളഞ്ഞു. എവിടെയാടാ മരുന്ന് വച്ചിരിക്കുന്നത് എന്നാണ് ആദ്യത്തെ ചോദ്യം. അത്തരം കാര്യങ്ങൾ ഉപയോഗിക്കാറില്ലെന്നു പറഞ്ഞതോടെ പിന്നാലെ എവിടെനിന്ന് അടിച്ചോണ്ടു വന്നതാടാ വണ്ടി എന്നായി. അവനെ കണ്ടാൽ അറിയില്ലേ പൊടി വലിയാണെന്നു തുടങ്ങിയ ഡയലോഗുകളും പിന്നാലെയെത്തി.
പ്രതിരോധിക്കാൻ ശ്രമിച്ച രാഹുലിന്റെ മുഖത്തടിച്ചശേഷം കൈയിലിരുന്ന ഫോൺ എറിഞ്ഞു പൊട്ടിച്ചു. തന്റെ കൈയിലിരുന്ന ഐഫോൺ പിടിച്ചു വാങ്ങിച്ചെന്നും സനൂപ് പറയുന്നു. പിന്നീട് ഈ രണ്ടു ഫോണുകൾക്കും എന്താണ് സംഭവിച്ചതെന്നറിയില്ല. പിന്നീട് പോലീസുകാരെ ആക്രമിച്ചെന്നു പറഞ്ഞ് തങ്ങളെ മൂന്നു ദിവസം റിമാൻഡിലിട്ടു എന്നും ഇവർ പറയുന്നു. എന്നാൽ പോലീസുകാർ റോഡിലിട്ട് തങ്ങളെ ചവിട്ടിക്കൂട്ടുകയായിരുന്നു എന്നും ഇവർ പറയുന്നു.
അതേസമയം 2024 ജൂണിലാണ് നോർത്ത് റെയിൽവേ സ്റ്റേഷനടുത്ത് ലോഡ്ജ് നടത്തുന്ന ബെൻജോ ബേബിയും ഭാര്യ ഷൈമോളും പ്രതാപ ചന്ദ്രന്റെ കയ്യൂക്കിനിരയായത്. ഇവരുടെ സ്ഥാപത്തിന്റെ എതിരെയുള്ള ലോഡ്ജിൽനിന്നു മദ്യപിച്ച് ബഹളം വച്ചുവെന്ന പേരിൽ രണ്ടു യുവാക്കളെ പോലീസ് പിടിച്ചുകൊണ്ടു പോകുന്നത് ബെൻജോ ക്യാമറയിൽ പകർത്തിയത് പകർത്തിയതാണ് പ്രതാപചന്ദ്രനെ ചൊടിപ്പിച്ചത്. പോലീസിനെ തടയാൻ ശ്രമിച്ചെന്ന പേരിൽ ബെൻജോയെയും ഈ കേസിൽ പ്രതിയാക്കി. രണ്ടു ദിവസത്തിനു ശേഷം അറസ്റ്റിലായ ബെൻജോയെ അന്വേഷിച്ച് ഏഴു മാസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളുമായി നോർത്ത് സ്റ്റേഷനിലെത്തിയതായിരുന്നു ഷൈമോൾ.
സ്റ്റേഷനിൽ വച്ച് പോലീസുകാർ ഭർത്താവിനെ മർദിക്കുന്നതു കണ്ട് ബഹളം വച്ച് തടയാൻ ശ്രമിച്ച ഷൈമോളെ നെഞ്ചത്തു പിടിച്ച് തള്ളുകയും പിന്നാലെ കരണത്ത് ആഞ്ഞടിക്കുകയുമായിരുന്നു. ആ സമയം ഗർഭിണിയായിരുന്നു ഷൈമോൾ. ഇതിനു പിന്നാലെ ദമ്പതികളുടെ മേൽ ഒട്ടേറെ കേസുകളും പോലീസ് വച്ചുകെട്ടി. തുടർന്ന് തങ്ങളെ മർദിച്ചതിന്റെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ബെൻജോയും ഷൈമോളും കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഇരുഭാഗവും നൽകിയ കേസുകൾ കോടതിയുടെ ഇന്നും പരിഗണനയിലാണ്.



















































