തിരുവനന്തപുരം: ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് ഭീഷണി. ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺകോൾ വന്നത്. ഇതിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു. ഫോൺ വിളിച്ച നമ്പർ സഹിതം ഉടൻ തന്നെ പോലീസിൽ പരാതി നൽകുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി
ഇനിയും നീ ദിലീപിനെതിരെ പറഞ്ഞാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്നായിരുന്നു ഭീഷണി. ഫോൺ കോൾ എടുത്തയുടൻ തന്നെ അസഭ്യമായ ഭാഷയിലാണ് സംസാരിച്ചത്. മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തി. അതിനുശേഷം വിദേശ രാജ്യത്ത് നിന്നാണ് എന്ന് സംശയിക്കാവുന്ന കുറേ കോളുകൾ കൂടി വന്നിരുന്നുവെന്നും താൻ എടുത്തില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
തനിക്ക് മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിനുശേഷവും അതിനുമുൻപും ആക്രമിക്കപ്പെട്ട നടിക്കൊപ്പം എപ്പോഴും നിലയുറപ്പിച്ചവരിൽ പ്രമുഖയായിരുന്നു ഭാഗ്യലക്ഷ്മി. അതേസമയം ദിലീപിനെ ഫെഫ്ക യൂണിയനിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ച് ഫെഫ്ക ഡബ്ബിങ് ആർടിസ്റ്റ് യൂണിയനിൽ നിന്നും ഭാഗ്യ ലക്ഷ്മി രാജി വെച്ചിരുന്നു.
പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ സിനിമ റിലീസ് ചെയ്ത ശേഷം എത്ര പിആർ വർക്കും ഫാൻസുമുണ്ടായിട്ടും ഏട്ടന്റെ സിനിമ രക്ഷപെടുന്നില്ലല്ലോയെന്ന പരിഹാസ പോസ്റ്റും ഇട്ടിരുന്നു.

















































