തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്തു വൈറലായ പോറ്റിയെ കേറ്റിയെ വിവാദ പാരഡി ഗാനത്തിൽ കേസെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിൻവലിയുന്നു. കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബർ പോലീസിന് നിർദേശം നൽകി. പാരഡി ഗാനം നീക്കാൻ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നൽകില്ലെന്നാണ് പുറത്തുവരുന്നത്.
അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണസമിതി നൽകിയ പരാതിയിലായിരുന്നു നേരത്തെ കേസെടുത്തത്. പിന്നാലെ സംസ്ഥാനത്തുടനീളം പരാതികൾ ലഭിച്ചിരുന്നു. എന്നാൽ അതിലൊന്നും തുടർനടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം.
മാത്രമല്ല കൃത്യമായ തെളിവുകൾ ഇല്ലാതെ തുടർ നടപടിക്ക് മുതിർന്നാൽ കോടതിയിൽ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ഫോട്ടോ പാരഡിക്കൊപ്പം ചേർത്തതിൽ ഗൂഢാലോചന സംശയിച്ചിരുന്നു. തുടർന്നാണ് വിവരങ്ങൾ തേടി പോലീസ് മെറ്റയ്ക്ക് കത്തയച്ചത്. വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു. അതേസമയം പാരഡി ഗാനം പിൻവലിക്കുകയും പാരഡി ഗാനം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടത്.
















































