തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ നടന്ന ബോംബ് നിർമ്മാണ ശ്രമത്തെത്തുടർന്ന് ഒരു സിപിഎം പ്രവർത്തകന്റെ കൈപ്പത്തി നഷ്ടപ്പെട്ട സംഭവം പോലീസ് പടക്കം പൊട്ടിയതാണ് എന്ന് വരുത്തിത്തീർത്തത് അപഹാസ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോൾ, സ്വന്തം ഗ്രാമത്തിൽ ക്രിമിനലുകൾക്ക് കൈബോംബ് ഉണ്ടാക്കാൻ കൂട്ടുനിൽക്കുന്നത് അദ്ദേഹത്തിന് അപമാനകരമാണ്. മുഖ്യമന്ത്രിക്ക് ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യതയില്ല.
ബോംബ് ഉണ്ടാക്കുന്നവനെയും എറിയുന്നവനെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പോലീസിനെ ഉപയോഗിച്ച് ‘പടക്കമാണ്’ എന്ന് വരുത്തിത്തീർക്കുന്നത് അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. എതിരാളികളെ കൊല്ലാൻ കൈബോംബുകൾ നിർമ്മിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പോലീസ്, ക്രിമിനലുകൾക്ക് കുട പിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
അതുപോലെ സംസ്ഥാനത്ത് കൈബോംബുകളും വടിവാളുകളുമായി സിപിഎം അക്രമി സംഘങ്ങൾ അഴിഞ്ഞാടുകയാണെന്നും പോലീസ് നോക്കി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം തിരഞ്ഞെടുപ്പ് തോൽവിയുടെ പ്രതികാരം ചെയ്യുന്നത് ഇന്ദിരാഗാന്ധിയുടെയും മഹാത്മാഗാന്ധിയുടെയും പ്രതിമകൾ വികൃതമാക്കിയും തല്ലിത്തകർത്തും കൊണ്ടാണ്. ഈ ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി കേരളത്തിലെ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും കോൺഗ്രസ് ഇതിനെതിരെ അതിശക്തമായി പ്രതികരിക്കുമെന്നും സതീശൻ വ്യക്തമാക്കി. തങ്ങളുടെ പ്രവർത്തകരെ ഈ ക്രിമിനലുകൾക്ക് വിട്ടുകൊടുക്കില്ലെന്നും അവരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലക ശിൽപം വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് താൻ അയച്ച നോട്ടീസുകളിലും ആരോപണങ്ങളിലും ഉറച്ചുനിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തനിക്കെതിരെ കേസ് കൊടുത്തതിനാൽ താൻ കോടതിയിൽ തെളിവുകൾ ഹാജരാക്കുമെന്നും വെല്ലുവിളിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം മറുപടി നൽകി.
അതുപോലെ കടകംപള്ളി 2 കോടി രൂപയുടെ മാനനഷ്ടം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ട്, കേസ് കൊടുത്തപ്പോൾ അത് 10 ലക്ഷമായി കുറഞ്ഞത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. രു കോടീശ്വരന് ദ്വാരപാലക ശിൽപം വിറ്റുപോയെന്ന് പറഞ്ഞത് കോടതിയാണ്. അത് ആർക്കാണ് വിറ്റതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി വ്യക്തമാക്കണമെന്നാണ് താൻ പറഞ്ഞത്. അന്നത്തെ ദേവസ്വം മന്ത്രി അത് അറിയേണ്ടേയെന്നും അദ്ദേഹം ചോദിച്ചു. അന്നത്തെ ദേവസ്വം ബോർഡ് മെമ്പർമാർ സിപിഎമ്മിന്റെ രാഷ്ട്രീയ നിയമനമായിരുന്നുവെന്നും, ഉണ്ണികൃഷ്ണൻ പോറ്റിയെ അവരുടെ അടുത്തേക്ക് പറഞ്ഞുവിട്ടത് കടകംപള്ളി സുരേന്ദ്രനാണ് എന്നും അതിനാൽ ഈ കച്ചവടത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നും സതീശൻ ആരോപിച്ചു.
അയ്യപ്പന്റെ സ്വർണ്ണം കവർന്നെടുത്ത ജയിലിൽ കിടക്കുന്ന പത്മകുമാർ അടക്കമുള്ള ആളുകളെ സിപിഎം സംരക്ഷിക്കുന്നത്, അവർ പാർട്ടിയിലെ മറ്റ് നേതാക്കന്മാരുടെ പേര് പറയാതിരിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. വിശ്വാസികളെ വേദനിപ്പിച്ചത് അയ്യപ്പന്റെ സ്വർണ്ണം കവർന്നെടുത്തതിലാണെന്നും അല്ലാതെ പാരഡി ഗാനം പാടിയതിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുമ്പ് കെ. കരുണാകരൻ വാഹനത്തിൽ വേഗത്തിൽ പോകുന്നതിനെ കളിയാക്കിക്കൊണ്ട് ഇതേ അയ്യപ്പ ഭക്തിഗാനം ഉപയോഗിച്ച് സിപിഎം പാരഡി ഗാനം ഇറക്കുകയും അത് കൈരളിയിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് ഇവർക്ക് പ്രശ്നമുണ്ടായിരുന്നില്ല എന്നും സതീശൻ ഓർമ്മിപ്പിച്ചു. സ്വർണം കട്ടവരെക്കുറിച്ച് പാടാൻ പാടില്ല എന്നത് എവിടുത്തെ ന്യായമാണെന്നും അദ്ദേഹം ചോദിച്ചു.
















































