തിരുവനന്തപുരം: പലസ്തീന്‍ പാക്കേജിലെ നാലു ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം സിനിമകള്‍ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയില്ല. റിവര്‍സ്‌റ്റോണ്‍, ബാറ്റില്‍ഷിപ് പൊട്ടംകിന്‍, വണ്‍സപ്പോണ്‍ എ ടൈം ഇന്‍ ഗാസ, പലസ്തീന്‍ 36, യെസ്, റ്റിംബക്റ്റൂ, സ്പാനിഷ് ചിത്രമായ ബീഫ് തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനം ഇതോടെ വേണ്ടെന്നു വച്ചു. സെന്‍സര്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടാണ് പ്രദര്‍ശനം മുടങ്ങിയത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകള്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നല്‍കുന്ന എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് സാധാരണ പ്രദര്‍ശിപ്പിക്കാറുള്ളത്. ഇരുപതോളം സിനിമകള്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം നടത്താന്‍ കഴിയാത്തത്.
ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, കമല്‍ തുടങ്ങിയവരും രംഗത്തെത്തി. രാജ്യം അപകടകരമായ അവസ്ഥയിലേക്കു പോകുന്നു എന്നതിന്റെ തെളിവാണിതെന്നും ഒരു കൂട്ടം ഭ്രാന്തന്മാരാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് പറയുന്നതെന്നും എം.എ.ബേബി പ്രതികരിച്ചു. അതേസമയം, കൊല്‍ക്കത്തയില്‍ സമാനമായ അവസ്ഥയുണ്ടായപ്പോള്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ മമതാ ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും മമത കാട്ടിയ ധൈര്യം പിണറായി വിജയനും കാട്ടണമെന്നും സംവിധായകന്‍ ടി.വി.ചന്ദ്രന്‍ പറഞ്ഞു.














































