നടിയെ ആക്രമിച്ച കേസില്‍ നാളെ വിധി വരുമ്പോള്‍ ഗൂഢാലോചന തെളിയുമെന്ന് കരുതുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി. എട്ടാം പ്രതിയായി ദിലീപ് കൂടി വന്നതോടെയാണ് കേസ് നീണ്ടുപോയത്. വൈകിയായാലും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വിധി വന്നതിന് ശേഷം പല വിവരങ്ങളും വെളിപ്പെടുത്തുമെന്നും അഡ്വ. ടി ബി മിനി പറഞ്ഞു.
എല്ലാ പ്രതികള്‍ക്കും ശിക്ഷ കിട്ടുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അത്രമാത്രം തെളിവുകള്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് ഹാജരാക്കിയിട്ടുണ്ട്. എട്ടാം പ്രതി വന്നപ്പോഴാണ് ഗൂഢാലോചനയുടെ ഭാഗം വരികയും അതുമായി ബന്ധപ്പെട്ടാണ് ഈ കേസ് ഇത്രമാത്രം നീണ്ട് പോവുകയും ചെയ്തത്. അറിയുന്ന കാര്യങ്ങള്‍ പറയാന്‍ ഇപ്പോഴെനിക്ക് പരിമിതകളുണ്ട്. 8ാം തിയതിക്ക് ശേഷം പ്രതികരിക്കാം – അവര്‍ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി നാളെയാണ്. ഏഴരവര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ വിധി പറയുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകും.
തന്നെ അറിയില്ലെന്ന ദിലീപിന്റെ വാദം തള്ളുകയാണ് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. സുനി ശിക്ഷിക്കപ്പെടുകയാണെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ പ്രതീഷ് കുറുപ്പ് പറയുന്നു.
അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മിച്ചുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ‘ദിലീപിനെ പൂട്ടണം’ എന്നായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേര്.


















































