തിരുവനന്തപുരം: ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയെ വിവാദവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎലിന് തിരിച്ചടി, അറസ്റ്റ് തടയില്ലെന്ന് കോടതി. അഡീ.സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. പോലീസിന്റെ റിപ്പോർട്ട് കിട്ടുന്നതിനുവേണ്ടിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്.
ആദ്യം റജിസ്റ്റർ ചെയ്ത പീഡനക്കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിനു തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസിൽ രാഹുൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. കൂടാതെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഉപഹർജിയും സമർപ്പിച്ചിരുന്നു.
അതേസമയം ഈ കേസ് രാഷ്ട്രീയ പ്രേരിതമല്ലേയെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിക്കുകയും ചെയ്തു. പരാതി വന്നത് കെപിസിസി പ്രസിഡന്റിനല്ലേ, അപ്പോൾ ഇത് രാഷ്ട്രീയ പ്രേരിതമായ കേസല്ലെയെന്നായിരുന്നു കോടതിയുടെ ചോദ്യം.
ബെംഗളൂരു സ്വദേശിയായ യുവതി കെപിസിസിക്കു നൽകിയ പരാതി പിന്നീടു ഡിജിപിക്കു കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ബലാത്സംഗക്കേസ് എടുത്തത്. അവധിക്കു നാട്ടിൽ എത്തിയപ്പോൾ വിവാഹവാഗ്ദാനം നൽകി ഹോംസ്‌റ്റേയിൽ എത്തിച്ചു ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇമെയിലിൽ അയച്ച പരാതിയിൽ യുവതിയുടെ പേരുണ്ടായിരുന്നില്ല.
















































