തിരുവനന്തപുരം: നിയസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നും താന്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വയം പ്രഖ്യാപിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി. ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കും മുന്‍പ് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപനം നടത്തിയതാണ് സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചത്. പാര്‍ട്ടി രീതികള്‍ക്ക് വിരുദ്ധമാണ് സംസ്ഥാന അധ്യക്ഷന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ഥി നിര്‍ണയംപോലും പാര്‍ട്ടി രീതികള്‍ അനുസരിച്ചായിരുന്നു നടന്നത്. വ്യക്തിയല്ല, പാര്‍ട്ടിയുടെ രീതികളാണ് പ്രധാനമെന്ന കാര്യവും രാജീവ് ചന്ദ്രശേഖര്‍ മറന്നുവെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പരാതിപ്പെടുന്നത്.
പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുള്ളതിനാല്‍ അധ്യക്ഷന്റെ പ്രഖ്യാപനത്തെ ന്യായീകരിക്കാത്ത നിലപാടാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ സ്വീകരിച്ചത്. മുനവെച്ചുള്ള പ്രതികരണങ്ങള്‍ക്കും കുറവില്ല. രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം പിടിക്കാന്‍ വഴിയൊരുക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം.
സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ താന്‍ മത്സരിക്കുമെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം
പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്ക് ശേഷം ബിജെപിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് പ്രഖ്യാപനം നടത്തുന്നതാണ് ബിജെപിയിലെ രീതി. പതിവ് രീതികള്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെ തെറ്റിച്ചിരിക്കുകയാണ്.
അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിച്ച് തോറ്റെങ്കിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിരുന്നു. അതിനാല്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചാല്‍ തിരുവനന്തപുരം നഗരസഭ ഭരണം പിടിക്കാന്‍ കഴിയുന്ന വിജയം ബിജെപിയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പേ നിയമസഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടി ഒരുങ്ങിയെന്ന പ്രതീതി ഉണ്ടാക്കാനും ഈ നീക്കം സഹായിക്കും.














































