തിരുവനന്തപുരം: രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റി. സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ നാളെ പരിഗണിക്കാനായി മാറ്റിയത്. രണ്ട് കോടതികളിൽ അപേക്ഷ സമർപ്പിച്ചതിനാലാണ് കോടതി നടപടി. ഏതെങ്കിലും ഒരു അപേക്ഷ പിൻവലിക്കാനും കോടതി രാഹുലിനോട് ആവശ്യപ്പെട്ടു. രാഹുലിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണത്തോട് രാഹുൽ ഈശ്വർ സഹകരിക്കുന്നില്ലെന്നും സൈബർ പൊലീസ് കോടതിയിൽ അറിയിച്ചു.
നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യഹർജി നൽകിയിരുന്നു. ഇത് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്‌ക്കോടതിയിൽ ഹർജി നൽകിയത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനെയും ചോദ്യം ചെയ്താണ് രാഹുലിന്റെ ഹർജി. ഇതിനിടെ ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിനെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രാഹുലിന് ഡ്രിപ്പ് ഇടും. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.