കൊല്ലം: കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണ സംഭവം ദേശീയ പാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കെ സി വേണുഗോപാൽ എംപി. ദേശീയപാത അതോറിറ്റി മറുപടി പറയണം. രൂപകല്പനയിൽ പിഴവുണ്ടായെന്ന് NHAI തന്നെ സമ്മതിച്ചതാണ്. ദേശീയ പാത നിർമാണത്തിന് പിന്നിൽ വൻ അഴിമതിയാണ്. ഇത് മറച്ചുവെക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ആക്ഷൻ ടേക്കൻ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണം. ഇത്തരത്തിലുള്ള പരാതികൾ ഉയർന്നുവരുന്നുണ്ട്. പ്രധാന നിർമാണ ജോലികൾ നടക്കുന്ന ഇടങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥർ ഇല്ല. എല്ലാം കരാറുകാർക്ക് വിട്ടു കൊടുത്തിരിക്കുകയാണ്. കേന്ദ്ര – സംസ്ഥാന ഉദ്യോഗസ്ഥർ ദേശീയ പാത നിർമാണം നിരീക്ഷിക്കണമെന്ന് കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. ചെറുവാഹനങ്ങളാണ് സർവീസ് റോഡുകളെ ആശ്രയിക്കുന്നത്. അവരെ സുരക്ഷിതമാക്കണമെന്ന് അദേഹം പറഞ്ഞു.
കൊല്ലത്തെ സർവീസ് റോഡ് പപ്പടം പോലെ തകർന്നു. ദേശീയ പാത ദുരന്ത പാത ആക്കാനാണ് ദേശീയപാത അതോറിറ്റി ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. NHAI ഒന്നിനോടും സഹകരിക്കുന്നില്ല. നല്ല കാര്യങ്ങൾക്ക് വേണ്ടിയല്ലേ സഹകരണം തേടുന്നത്. സംസ്ഥാന സർക്കാരിനും അനാസ്ഥയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് റോഡ് ഉദ്ഘാടനം ചെയ്യുക മാത്രമാണ് സർക്കാർ ലക്ഷ്യം. തെറ്റ് ചൂണ്ടി കാണിക്കുന്നവരെ സർക്കാർ ആക്രമിക്കുകയാണ് ചെയ്യുന്നതെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു.
എന്ത് സുരക്ഷയാണ് നടപ്പാക്കുന്നത്. ദേശീയ പാത അതോറിറ്റി ദുരന്തം വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. നാട്ടിൽ നല്ലൊരു പാത വരാനാണ് നാട്ടുകാർ ബുദ്ധിമുട്ട് എല്ലാം സഹിക്കുന്നത്. എന്നാൽ ആ പാതയിലൂടെ സഞ്ചരിച്ചാൽ മനുഷ്യ ജീവന് വിലയുണ്ടാകില്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കേണ്ടയെന്ന് അദേഹം ചോദിച്ചു. സ്‌കൂൾ ബസ് ഉൾപ്പെടെയാണ് കുടുങ്ങിയത്. ജനങ്ങളുടെ ജീവന്റെ വില കണക്കിലെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. റോഡ് ഉദ്ഘാടനം ചെയ്യുമ്പോൾ സുരക്ഷയുള്ള റോഡാകണം അത്. അതിന് വേണ്ട നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ എന്തുകൊണ്ട് തയാറാകുന്നില്ലെന്ന് അദേഹം ചോദിച്ചു. എല്ലാം അഴിമതി നിറഞ്ഞ് നിർമാണങ്ങളാണ് നടക്കുന്നത്. അതുകൊണ്ടാണ് റോഡം പപ്പടം പോലെ തകർന്ന് പോകുന്നതെന്ന് കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
















































