തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിലെ പ്രധാന നേതാക്കളായ രണ്ട് ദേവസ്വംബോർഡ് പ്രസിഡന്റുമാർ ജയിലിലായിട്ടും അവർക്കെതിരേ നടപടി എടുക്കില്ലെന്ന വാശിയിലാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പന്റെ സ്വർണം കവർന്ന കേസിൽ എസ്‌ഐടി അന്വേഷിച്ച് തെളിവുകൾ ഹാജരാക്കിയതിനെ തുടർന്ന് ജയിലിൽ കിടക്കുന്ന, കോടതി ജാമ്യം നിഷേധിച്ച, പ്രതികൾക്കെതിരേപോലും നടപടി എടുക്കാത്ത പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം പരിഹസിച്ചു.
അതുപോലെ ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടിയുടെ മീതേ അതിശക്തമായ സമ്മർദം മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നുണ്ടെന്നും സതീശൻ ആരോപിച്ചു. ഈ കേസ് പരമാവധി വൈകിക്കാനേ പറ്റുകയുള്ളൂ. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്യരുത് എന്ന സമ്മർദം എസ്‌ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നുണ്ട്. കാരണം, കടകംപള്ളിയുടെ പേര് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ പറഞ്ഞുകഴിഞ്ഞു. കൂടാതെ പ്രതിപക്ഷത്തിന്റെ പക്കലും കടകംപള്ളിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിൽ ബന്ധമുണ്ടെന്നതിന്റെ തെളിവുകളുണ്ട്. ചോദ്യംചെയ്യൽ, തിരഞ്ഞെടുപ്പ് കാലത്ത് അജണ്ടയാകാതിരിക്കാൻ വൈകിക്കാൻ പരമാവധി നോക്കുകയാണ്- സതീശൻ ആരോപിച്ചു.
അതേസമയം പിഎം ശ്രീ ഒപ്പിട്ടതിന് പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് ആണെന്നാണ് ബിജെപി പറയുന്നത്. എന്തിനാണ് ഈ പാലം. പോളിറ്റ് ബ്യൂറോയും സെക്രട്ടേറിയേറ്റും കാബിനറ്റും അറിയാതെ ഇടതുമുന്നണി അറിയാതെ അമിത് ഷായും നരേന്ദ്ര മോദിയും പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടുകൊടുത്തയളാണ് പിണറായി വിജയൻ. ആ ഒപ്പിട്ടുകൊടുക്കലിന്റെ ഇടനിലക്കാരനായിരുന്നു ബ്രിട്ടാസ് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. മന്ത്രിതന്നെ പാർലമെന്റിൽ പറഞ്ഞതാണത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിതബന്ധത്തിന് നേരത്തെ ശ്രീ എം ആയിരുന്നു ഇടനിലക്കാരൻ. മസ്‌കറ്റ് ഹോട്ടലിൽവെച്ച് ആർഎസ്എസ് നേതാക്കളും പിണറായി വിജയനും തമ്മിൽ നടത്തിയ ചർച്ചകളുടെ ഇടനിലക്കാരൻ ശ്രീ എം ആണെങ്കിൽ ഇപ്പോൾ ഒരു പുതിയ ഇടനിലക്കാരൻ കൂടി വന്നിരിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളക്കേസിലാണെങ്കിലും സിപിഎം- ബിജെപി അവിഹിതബാന്ധവത്തിലാണെങ്കിലും പ്രതിപക്ഷം പറഞ്ഞിരുന്ന കാര്യങ്ങൾ ശരിയായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. ശബരിമലയിലെ കൊള്ള കേരളം ചർച്ച ചെയ്യുകയും തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനമുണ്ടാവുകയും ചെയ്യും.
അതുപോലെ ബലാത്സംഗക്കേസിൽ പ്രതിയായ എംഎൽഎയോട് രാജിവെക്കാൻ സിപിഎം ഇതുവരെ ആവശ്യപ്പെട്ടില്ല. അദ്ദേഹം എൽഡിഎഫ് പാർലമെന്ററി പാർട്ടി അംഗമാണ്. അതിൽനിന്ന് പുറത്താക്കിയോ, സതീശൻ ചോദിച്ചു. എത്ര പേരേക്കുറിച്ചുള്ള പരാതികളാണ് സിപിഎം നേതൃത്വത്തിന്റെ കയ്യിൽ കിട്ടിയിരിക്കുന്നത്. എന്നിട്ട് അത് പോലീസിന് കൈമാറാതെ നിൽക്കുകയാണ്. സ്ത്രീ വിഷയങ്ങളിൽ പ്രതികളായ എത്രപേർ ഈ മന്ത്രിസഭയിലുണ്ട്.
മുഖ്യമന്ത്രി ചിലരുടെയൊക്കെ കൈപിടിച്ച് ഉയർത്തി നിൽക്കുന്ന ചിത്രം കണ്ടിട്ടില്ലേ. സിപിഎമ്മിന് നാണമുണ്ടോ? കേരളത്തിലെ ജനങ്ങൾക്ക് മുൻപിൽ നാണംകെട്ടു നിൽക്കുകയാണ് സിപിഎം എന്നും സതീശൻ പറഞ്ഞു. മുകേഷിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായിക്കൂടി സിപിഎം പ്രഖ്യാപിച്ചാൽ അദ്ഭുതമില്ലെന്നായിരുന്നു മൂന്നാമതും താൻ മത്സരിക്കണമെന്ന് എതിർപാർട്ടിക്കാർ പോലും രഹസ്യമായി പറയുന്നുണ്ട് എന്ന മുകേഷിന്റെ വാക്കുകളോടുള്ള സതീശന്റെ പ്രതികരണം.
























































