കാസർകോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കാസർകോട് ഹോസ്ദുർഗ് കോടതിയിൽ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾ ഇന്നു ഉച്ചമുതൽ ഉണ്ടായിരുന്നെങ്കിലും കീഴടങ്ങില്ലെന്ന് സ്ഥിരീകരണമായി. കോടതിസമയം കഴിഞ്ഞിട്ടും കോടതിയിൽ തുടർന്ന മജിസ്ട്രേറ്റ് രാത്രി ഏഴരയോടെ മടങ്ങി. ഇതോടെ കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും പിൻവാങ്ങി. ഇതിനിടെ രാഹുൽ പ്രത്യേക അന്വേഷണസംഘത്തിൻറെ പിടിയിലായി എന്ന വിവരവും പുറത്തു വന്നിരുന്നു. എന്നാൽ, രാഹുൽ കസ്റ്റഡിയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
അതേസമയം രാഹുൽ എത്തിയേക്കുമെന്നുള്ള വിവരത്തെ തുടർന്ന് ഹോസ്ദുർഗ് കോടതി പരിസരത്ത് പോലീസ് സന്നാഹം വർധിപ്പിച്ചിരുന്നു. കോടതിസമയം അവസാനിച്ചിട്ടും ജഡ്ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കോടതിയിൽ തുടരുകയും ചെയ്തു. ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുൽ കീഴടങ്ങിയേക്കുമെന്നുള്ള അഭ്യൂഹം പരന്നതിനെ തുടർന്ന് നേരത്തെ തന്നെ കാസർകോട് കോടതികളിൽ പോലീസ് ഒരുക്കിയിരുന്നു. ഉച്ചയോടെ മാധ്യമപ്രവർത്തകർ കോടതി പരിസരത്ത് എത്തിച്ചേരുകയും ചെയ്തു. ഇതിനിടെ പൊതുജനങ്ങൾക്കൊപ്പം യുവമോർച്ചയും ഡിവൈഎഫ്‌ഐയും കോടതി പരിസരത്ത് പ്രതിഷേധവുമായി എത്തിയിരുന്നു.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം രാഹുൽ മാങ്കൂട്ടത്തിൽ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. സെഷൻസ് കോടതിയുടെ ഉത്തരവിന്റെ പകർപ്പ് കിട്ടിയാലുടൻ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് തീരുമാനമെന്നാണ് വിവരം. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാകുകയെന്നും റിപ്പോർട്ടുകളുണ്ട്. ഇനി ഇതുമുന്നിൽക്കണ്ടാണോ രാഹുൽ കീഴടങ്ങാത്തതെന്നും സംശയങ്ങൾ പുറത്തുവരുന്നുണ്ട്.


















































