തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപിയുടെ പാർലമെന്റിലെ ‘മുന്ന’ പരാമർശം തിരിച്ചു ബ്രിട്ടാസിനെതിരെ തന്നെ പ്രയോഗിച്ച് പ്രതിപക്ഷം. പിഎംശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും കേരളത്തിനും ഇടയിൽ ഇടനിലക്കാരനായി ജോൺബ്രിട്ടാസ് എംപി നിന്നെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ‘മുന്ന’ വിളികളുമായി യുഡിഎഫ് ജോൺബ്രിട്ടാസിനെതിരെ തിരിഞ്ഞത്.
‘സിനിമയിലെ മുന്നയൊക്കെ എന്ത്, ഇതല്ലേ യഥാർത്ഥ മുന്ന’ എന്ന് ഷിബു ബേബി ജോൺ ഫേയ്സ്ബുക്കിൽ കുറിച്ചു. മതേതര കേരളത്തെ ഒറ്റിയ മുന്നയെ ഓർത്തുവെക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് കുറിച്ചു. ബ്രിട്ടാസ് തന്നെയാണ് കേരളത്തിലെ യഥാർത്ഥ മുന്ന എന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസും കുറിച്ചു.
“ആർഎസ്എസ് എഴുതിക്കൊടുക്കുന്ന അക്ഷരമാലകൾ മാരാർജി ഭവനുകളിൽനിന്ന് കേരളത്തിലെ കലാലയങ്ങളിലേക്ക് ഇറക്കാൻ ബ്രിട്ടാസിനെ ആരാണ് ഏൽപ്പിച്ചത്? ആർഎസ്എസിനെതിരെ കവലകളിൽ ചീറിപ്പായുന്ന എസ്എഫ്ഐ പോലും ബ്രിട്ടാസിൻ്റെ ഡൽഹിയിലെ ഈ മധ്യസ്ഥവാസം അറിയുന്നില്ല. പാർട്ടി ബ്രിട്ടാസിനെ ഏൽപ്പിച്ച പണിയാണ് ദീൻ ദയാൽ ഉപാധ്യായ വഴിയിൽ പോയി ഇരന്ന് വാങ്ങുന്നത്. ബ്രിട്ടാസ് എത്ര പാലങ്ങൾ ഇങ്ങനെ നിർമ്മിച്ചുവെന്ന് മലയാളി ചർച്ച ചെയ്യണമെന്നും ഈ പാലം ചിലപ്പോൾ പാലത്തായി കേസിലേക്ക് നീളുമെന്നും നവാസ് കുറിച്ചു.
മുന്നമാർക്ക് എല്ലാക്കാലവും ആരുടെ കീഴിലും ഒളിച്ചിരിക്കാനാകില്ലെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീഫ ഫേസ്ബുക്കിൽ കുറിച്ചു. പുതിയ കാലത്തെ ഇടതുപക്ഷത്തിന്റെ പ്രോട്ടോ ടൈപ്പാണ് ജോൺ ബ്രിട്ടാസെന്നും നജ്മ തബ്ഷീറ കുറിപ്പിൽ പറയുന്നു.
അതേസമയം വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെയാണ് എമ്പുരാൻ ചിത്രത്തിലെ മുന്ന എന്ന കഥാപാത്രത്തെ ചൂണ്ടിക്കാട്ടി ജോൺബ്രിട്ടാസ് എംപി ബിജെപിക്ക് നേരെ വിമർശനമുന്നയിച്ചിരുന്നു. “എമ്പുരാൻ സിനിമയിൽ മുന്ന എന്ന ഒരു കഥാപാത്രമുണ്ട്. ആ മുന്നയെ ഈ ബിജെപി ബെഞ്ചിൽ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും. അതാണ് കേരളത്തിന്റെ ചരിത്രം” എന്നായിരുന്നു പാർലമെന്റിൽ വെച്ച് ജോൺ ബ്രിട്ടാസ് പ്രസംഗിച്ചത്.
അന്ന് സുരേഷ് ഗോപിയെ ചൂണ്ടിക്കാട്ടിയായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രസംഗം. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പാർലമെന്റിൽ വാഗ്വാദത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഇതേ വാക്കുകളാണ് ഇപ്പോൾ പിഎം ശ്രീയിൽ ജോൺ ബ്രിട്ടാസിനെതിരേ പ്രതിപക്ഷം പ്രയോഗിക്കുന്നത്.
















































