തിരുവനന്തപുരം∙ ലൈംഗികപീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിലെ വാദം അടച്ചിട്ട കോടതി മുറിയിൽ ആരംഭിച്ചു. രാഹുലും പരാതിക്കാരിയും സമാന ആവശ്യം കോടതിയിൽ ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി മറ്റുള്ളവരെ പുറത്തിറക്കിയാണ് വാദം കേൾക്കുന്നത്.
അതേസമയം രാഹുലിന് ഏറെ നിർണായകമാണ് കേസ്. കോടതിയിൽനിന്ന് നടപടിയുണ്ടാൽ ആ ക്ഷണം പാർട്ടിയിൽനിന്ന് പുറത്താക്കും, കൂടാതെ എംഎൽഎ സ്ഥാനം നഷ്ടമാകും.ഇതിനിടെ യുവതി പരാതി നൽകി ഏഴാം ദിവസവും രാഹുലിനെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. രാഹുൽ ബെംഗളൂരുവിൽ ഒളിവിലുണ്ടെന്നാണ് പോലീസ് പറയുന്നത്.
യുവതി നൽകിയിരിക്കുന്നത് വ്യാജ പരാതിയാണെന്നും കേസിൽ താൻ നിരപരാധിയാണെന്നുമാണ് രാഹുൽ ജാമ്യഹർജിയിൽ പറയുന്നത്. യുവതി വിവാഹിതയാണെന്നും ഗർഭിണിയായതിന്റെ ഉത്തരവാദിത്തം ഭർത്താവിനാണെന്നും രാഹുൽ പറയുന്നു. സ്വമേധയാ ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിക്കുകയായിരുന്നുവെന്നും രാഹുൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കടുത്ത കുറ്റകൃത്യം നടന്നുവെന്നും ഒരു കാരണവശാലും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം. രാഹുൽ ഗർഭധാരണത്തിനു നിർബന്ധിച്ചുവെന്നും പിന്നീട് അശാസ്ത്രീയമായ ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചുവെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. രാഹുൽ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നെയ്യാറ്റിൻകര ജെഎഫ്സിഎം 7 കോടതിയിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വെച്ച് രണ്ടു തവണയും പിന്നീട് പാലക്കാടു വച്ചും ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയിൽ പറയുന്നത്.
കൂടാതെ ബലാത്സംഗദൃ ശ്യങ്ങൾ രാഹുൽ ഫോണിൽ ചിത്രീകരിച്ചെന്നും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പാലക്കാട്ടെ ഫ്ലാറ്റിലേക്ക് യുവതിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. പിന്നീടും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഭീഷണി കൂടുതൽ രൂക്ഷമാവുകയും രാഹുൽ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിനുള്ള ഗുളിക യുവതിക്ക് എത്തിച്ചു നൽകിയത് രാഹുലിന്റെ സുഹൃത്തായ ജോബി ജോസഫ് ആണെന്നും മൊഴിയിലുണ്ട്. ഇയാൾ കേസിൽ രണ്ടാം പ്രതിയാണ്. ഒളിവിൽ പോയ ഇയാളും രാഹുലിനൊപ്പമുണ്ടെന്നാണ് പോലീസ് പറയുന്നത്.




















































