ന്യൂഡൽഹി: ഡിറ്റ്‌വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച ശ്രീലങ്കയിലേക്കുള്ള സഹായ വിഭവങ്ങളുമായിപോയ പാക് വിമാനത്തിന് വ്യോമപാത തുറന്നുനൽകുന്നതിന് ഇന്ത്യ കാലതാമസം വരുത്തി എന്ന പാക്കിസ്ഥാന്റെ ആരോപണം പാടെ തള്ളി ഇന്ത്യ. പാക്കിസ്ഥാൻ ആവശ്യപ്പെട്ട ഓവർഫ്‌ലൈറ്റ് ക്ലിയറൻസ് (വ്യോമപാത ഉപയോഗിക്കാനുള്ള അനുമതി) നൽകുന്നതിൽ ഇന്ത്യ കാലതാമസം വരുത്തി എന്ന പാക്കിസ്ഥാന്റെ അവകാശവാദത്തെ ശുദ്ധഅസംബന്ധം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. ഡിസംബർ ഒന്നിനു ഉച്ചയോടെ അപേക്ഷ സമർപ്പിച്ചു, അന്നേ ദിവസം തന്നെ അനുമതി നൽകിയെന്നും ഇന്ത്യ വ്യക്തമാക്കി.
പാക്കിസ്ഥാൻ സർക്കാർ ഇന്ത്യക്കെതിരായ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ശ്രീലങ്കയിലേക്കുള്ള മാനുഷിക സഹായ ദൗത്യത്തിനായി ഒരു വിമാനത്തിന് ഇന്ത്യൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി തേടി 2025 ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് ഒരുമണിയോടെ പാക്കിസ്ഥാൻ അപേക്ഷ സമർപ്പിച്ചുവെന്നും, അതേ ദിവസം തന്നെ അതിവേഗം പരിഗണിക്കുകയും വൈകുന്നേരം 5:30-ന്, നിർദ്ദേശിച്ച യാത്രാവിവരങ്ങൾക്ക് അനുസരിച്ച് ഓവർഫ്‌ലൈറ്റ് അനുമതി നൽകുകയും ചെയ്തുവെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം അസംബന്ധമാണ്. ഞങ്ങൾ അത് തള്ളിക്കളയുന്നു. ഈ ആരോപണം തികച്ചും ഇന്ത്യാ വിരുദ്ധമാണ്. ഇന്ത്യയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള പാക് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മറ്റൊരു ശ്രമമാണ് ഇത്.’ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം ശ്രീലങ്കയിൽ ഡിറ്റ്‌വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും കുറഞ്ഞത് 355 പേർ മരിക്കുകയും 300-ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഈ പ്രയാസകരമായ സമയത്ത് സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും ശ്രീലങ്കയിലെ ജനങ്ങളെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡിറ്റ്‌വ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ശ്രീലങ്കയിലെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്ത്യ ‘ഓപ്പറേഷൻ സാഗർ ബന്ധു’ ആരംഭിച്ചിരുന്നു.


















































