ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചുവെന്ന അഭ്യൂഹങ്ങൾ തെറ്റാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും സഹോദരി ഡോ. ഉസ്മ ഖാൻ. റാവൽപിണ്ടിയിലെ അദിയാല ജയിലിൽ എത്തി സഹോദരനെ കണ്ട ശേഷമാണ് ഉസ്മാ ഖാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇമ്രാൻ ഖാൻ മാനസികമായി പീഡിപ്പിക്കപ്പെടുന്നുവെന്നും ഉസ്മ ഖാൻ പറഞ്ഞു.
‘‘അദ്ദേഹത്തിന് നിലവിൽ കുഴപ്പമൊന്നുമില്ല. പക്ഷേ മാനസികമായി പീഡിപ്പിക്കപ്പെട്ടതിൽ അദ്ദേഹത്തിനു ദേഷ്യമുണ്ട്. ദിവസം മുഴുവൻ സെല്ലിൽ അടച്ചിട്ടിരിക്കുകയാണ്. കുറച്ചുനേരം മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. ആരുമായും ആശയവിനിമയം നടത്താൻ കഴിയില്ല’’. തങ്ങൾക്കു സംസാരിക്കാൻ ഇരുപതു മിനിറ്റോളമാണ് അനുവദിച്ചത്. ജനറൽ അസിം മുനീറിനെ സഹോദരൻ തന്റെ തടവിനും അവസ്ഥയ്ക്കും കുറ്റപ്പെടുത്തിയതായും ഉസ്മ ഖാൻ പറഞ്ഞു.
‘‘ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതിയാണ് അസിം മുനീർ, അയാൾക്ക് മാനസിക സ്ഥിരതയില്ല. സൈനിക നേതൃത്വം എനിക്കെതിരെ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനി അവർക്ക് ബാക്കിയുള്ളത് എന്നെ കൊല്ലുക എന്നത് മാത്രമാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, കരസേനാ മേധാവിയും ഡിജി ഐഎസ്‌ഐയും ഉത്തരവാദികളായിരിക്കും’’ – സഹോദരിയോട് ഇമ്രാൻ ഖാൻ പറഞ്ഞു. ഇക്കാര്യം പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പ്രസ്താവനയിൽ അറിയിച്ചു. ഇമ്രാൻഖാനെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും വൈദ്യുതി, സൂര്യപ്രകാശം, ശുദ്ധമായ കുടിവെള്ളം, വൈദ്യസഹായം, തടവുകാർക്ക് സാധാരണയായി ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം നിഷേധിച്ചുവെന്നും പാർട്ടി ആരോപിക്കുന്നു.
അതേസമയം തടവിൽ കഴിയുന്ന ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റാവൽപിണ്ടിയിൽ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പൊതുചടങ്ങുകളും, റാലികളും, കൂടിച്ചേരലുകളും നിരോധിച്ചു. ഇമ്രാൻഖാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്തായിരുന്നു തീരുമാനം. ഇമ്രാൻഖാനെ ജയിലിൽ കാണാൻ അനുവദിക്കണമെന്നും നിലവിലെ ആരോഗ്യാവസ്ഥ വെളിപ്പെടുത്തണമെന്നും ആയിരുന്നു പാർട്ടിയുടെ ആവശ്യം. ഇതിനുപിന്നാലെയാണ് സഹോദരിക്ക് ജയിലിലെത്തി ഇമ്രാൻ ഖാനെ കാണാൻ അവസരമൊരുങ്ങിയത്.


















































