തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ലബിന്റെ വോട്ട് വൈബ് പരിപാടിയിൽ ആയിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിനായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
താൻ ഇത്തവണ നൂറു ശതമാനവും മത്സരിക്കുമെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ വേണമെങ്കിൽ മണ്ഡലം ഏതെന്നും പറയാമെന്ന് പറഞ്ഞു. തുടർന്നാണ് താൻ നേമത്ത് ആയിരിക്കും മത്സരിക്കുകയെന്ന് രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തിയത്. അതേസമയം ശശി തരൂർ ബിജെപിയിലേക്ക് വരുമോയെന്ന ചോദ്യത്തിന് അങ്ങനെ തനിക്ക് പ്രതീക്ഷയില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
സ്ഥാനാർഥി ചർച്ച പാർട്ടിയിൽ ആരംഭിക്കും മുന്നേയാണ് തദ്ദേശ തിരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന അധ്യക്ഷന്റെ പ്രഖ്യാപനം. നേരത്തേ, രാജീവ് ചന്ദ്രശേഖർ നേമത്ത് മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. പാർലമെന്ററി പാർട്ടി യോഗം ചേർന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതാണ് ബിജെപിയുടെ പതിവു രീതി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് എതിരെ നേമത്ത് രാജീവ് ചന്ദ്രശേഖർ ലീഡ‍് ചെയ്തിരുന്നു. 2016ൽ സംസ്ഥാനത്ത് ആദ്യമായി ബിജെപിയ്ക്ക് എംഎൽഎയെ ലഭിച്ചത് നേമത്തായിരുന്നു. ഒ രാജഗോപാൽ ജയിച്ച സീറ്റിൽ 2021ൽ കുമ്മനം രാജശേഖരൻ പരാജയപ്പെട്ടിരുന്നു. നിലവിൽ മന്ത്രി വി. ശിവൻകുട്ടിയാണ് നേമത്തെ എംഎൽഎ.



















































