തിരുവനന്തപുരം: മസാല ബോണ്ടിലെ ഇഡി നോട്ടീസിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓരോ തിരഞ്ഞെടുപ്പിലും നോട്ടീസ് അയക്കുന്നത് സിപിഐഎമ്മിനെ സഹായിക്കാനാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇഡിയും ഇല്ല നോട്ടീസുമില്ല. പിന്നിൽ സിപിഐഎം-ബിജെപി അന്തർധാരയാണ്. മസാല ബോണ്ടിൽ അഴിമതിയെന്നും ഇന്നല്ലെങ്കിൽ നാളെ കുറ്റക്കാരെ കണ്ടെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിമാരിലേക്ക് അന്വേഷണം എത്തുമെന്നും മുൻ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം ഇഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്‌ബി സിഇഒ ഡോ. കെ എം അബ്രഹാം രംഗത്തുവന്നു. ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇ.ഡി യുടെ ആരോപണങ്ങൾ വസ്തുത വിരുദ്ധമാണെന്നും കിഫ്‌ബി സിഇഒ പറഞ്ഞു.മസാല ബോണ്ട് വിനിയോഗത്തിൽ ക്രമക്കേടില്ല. ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.
ഇഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും കിഫ്ബി ആരോപിച്ചു. നോട്ടീസുകൾ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്. നോട്ടീസുകൾ അയച്ചത് 2021ലെ നിയമസഭാ, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ആണ്. സർക്കാരിനെതിരായ പ്രചാരണം സൃഷ്‌ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നോട്ടീസുകളുടെ വിവരം മാധ്യമങ്ങൾക്കും കിഫ്ബി ആരോപിക്കുന്നു.
കിഫ്ബി മസാലാ ബോണ്ട് ഇടപാടിൽ ഫെമ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇ.ഡി നോട്ടീസ് അയച്ചിരിക്കുന്നത്. നേരിട്ടോ അല്ലാതെയോ മറുപടി നൽകണമെന്നാണ് നോട്ടീസ്. മുൻ ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും ഇ ഡി നോട്ടിസ് നൽകിയിട്ടുണ്ട്.
ഇഡിയുടേത് ബിജെപിയ്ക്കുള്ള പാദസേവയെന്ന് തോമസ് ഐസക് പ്രതികരിച്ചു. ലാവലിൻ കമ്പനിക്ക് നൽകിയ പ്രത്യുപകാരമാണ് മസാല ബോണ്ട് എന്നാണ് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

















































