ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ആദ്യ പ്രതിരോധ സേനാ മേധാവിയായി (സിഡിഎഫ്) അസിം മുനീറിനെ നിയമിക്കുന്നതിന്റെ വിജ്ഞാപനം പുറത്തിറങ്ങാനിരിക്കെ രാജ്യം വിട്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഷെഹ്ബാസ് ബഹ്‌റൈനിലേക്കും അവിടെ നിന്ന് ലണ്ടനിലേക്കും പോയതായി നാഷ്നൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് മുൻ മെംബർ തിലക് ദേവാഷർ എഎൻഐയോട് പറഞ്ഞു.
അതേസമയം വിജ്ഞാപനം പുറപ്പെടുവിക്കുമ്പോൾ രാജ്യത്ത് ഉണ്ടാകാതിരിക്കാൻ ഷെഹ്ബാസ് ഷെരീഫ് മനഃപൂർവം പാക്കിസ്ഥാനു പുറത്തുപോയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ സൃഷ്ടിക്കപ്പെട്ട സിഡിഎഫ് പദവി ഫീൽഡ് മാർഷൽ അസിം മുനീർ ഏറ്റെടുക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം. പദവി കൈവരുന്നതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ മാറും. അസിം മുനീറിന് അഞ്ച് വർഷത്തേക്ക് സിഡിഎഫ് പദവി നൽകുന്നതാണ് വിജ്ഞാപനം. രാജ്യത്തു നിന്ന് മാറിനിൽക്കുന്നതോടെ ഉത്തരവ് ഒപ്പിട്ടുവെന്ന ഉത്തരവാദത്തിൽ നിന്ന് രക്ഷപ്പെടാൻ ഷെഹ്ബാസ് ഷെരീഫിന് കഴിയുമെന്നാണ് കണക്കുകൂട്ടലെന്നും തിലക് ദേവാഷർ പറഞ്ഞു.
നവംബർ 29നായിരുന്നു അസിം മുനീറിനെ സിഡിഎഫായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തുവരേണ്ടിയിരുന്നത്. കരസേനാ മേധാവിയെന്ന നിലയിൽ അസിമിന്റെ കാലാവധി അവസാനിച്ച ദിവസമായിരുന്നു അന്ന്. എന്നാൽ നവംബർ 29ന് ഈ വിജ്ഞാപനം ഇറങ്ങിയിരുന്നില്ല. സിഡിഎഫ് പദവി മുനീറിനു ലഭിച്ചതോടെ പാക്കിസ്ഥാൻ സൈന്യം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തിലക് ദേവാഷർ പറയുന്നു. നിലവിൽ അസിം മുനീറിന്റെ കരസേനാ മേധാവി സ്ഥാനം അവസാനിച്ചു. അതായത് പാക്കിസ്ഥാന് ഒരു സൈനിക മേധാവിയില്ലാത്ത അവസ്ഥയാണ്. ഫലത്തിൽ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന് കീഴിൽ വരുന്ന ആണവ കമാൻഡ് അതോറിറ്റിക്കു പോലും നേതൃത്വമില്ലാത്ത അവസ്ഥ. ഇത് വളരെ വിചിത്രമായ ഒരു സാഹചര്യമാണെന്നും സിഡിഎഫ് വിജ്ഞാപനം ആവശ്യമാണോ എന്ന കാര്യത്തിൽ നിയമ വിദഗ്ദ്ധർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ആണവായുധ രാജ്യമായ പാക്കിസ്ഥാന് ഒരു സൈനിക മേധാവിയോ ആണവ കമാൻഡ് അതോറിറ്റിയുടെ ചുമതലയുള്ള ഒരാളോ ഇല്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.



















































