കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെയും എ പത്മകുമാറിനേയും താരതമ്യം ചെയ്യേണ്ട, അത് രണ്ടും രണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കാലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയിൽ കണ്ടാൽ വെപ്രാളപ്പെടുന്നവരല്ലെന്നും ജയിലിൽ കിടന്നിട്ടാണ് തങ്ങളൊക്കെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായതെന്നും സംസ്ഥാന സെക്രട്ടറി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജയിലിൽ പോയത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഈ മറുപടി.
എ. പത്മകുമാറിനെതിരെ പാർട്ടി നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള എം.വി. ഗോവിന്ദന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘ധൃതിപ്പെടേണ്ട, ഇന്നോ, നാളെയോ എടുക്കണമെന്നില്ല. ജയിലിലാണ് അയാൾ ഉള്ളത്. അയാളിപ്പോൾ സംഘടനാ പ്രവർത്തനത്തിൽ ഒന്നുമില്ല. ജയിലിൽ സംഘടനാപ്രവർത്തനം പറ്റില്ല. ജയിലിൽ പോയാൽ ഉടനെ നടപടി എടുക്കുമെന്ന് ആരാണ് പറഞ്ഞിരിക്കുന്നത്. പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ട്’.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുക്കണമെന്ന് എങ്ങനെയാണ് ആവശ്യപ്പെടുകയെന്ന ചോദ്യത്തിന്, മാങ്കൂട്ടത്തിലിനെയും ഇതിനെയും താരതമ്യം ചെയ്യേണ്ടന്നും അത് രണ്ടും രണ്ടാണെന്നുമായിരുന്നു മറുപടി. പത്മകുമാർ ജയിലിലാണെന്ന് ഇതോടെ ഒരു മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കാട്ടി. ‘ഞങ്ങളെല്ലാം ജയിലിൽ കിടന്നവരാണ്. ജയിലെന്ന് കേട്ടാൽ വെപ്രാളപ്പെടുന്നവരല്ല. ജയിലിൽ കിടന്നിട്ടാണ് ഞങ്ങളെല്ലാം കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായതെന്നു എം.വി. ഗോവിന്ദൻ മറുപടി പറഞ്ഞു. വാസുവിന്റെയല്ല ഏതവന്റെ മൊഴിയാണെങ്കിലും ശരി. ഒരു തരി സ്വർണം നഷ്ടപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


















































