ചെന്നൈ: തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട് നടി നിവേദ പെതുരാജ് നടത്തിയ പരാമർശം വന്‍ വിവാദത്തില്‍. പേവിഷബാധ ഗുരുതരമാണെന്ന് സമ്മതിച്ചുകൊണ്ട് തന്നെ നായ കടിച്ച് ഉണ്ടാകുന്ന സംഭവങ്ങളെ വലിയ വിഷയമായി ചിത്രീകരിക്കരുതെന്നും ഭയം പ്രചരിപ്പിക്കരുതെന്നുമാണ് നിവേദ പറഞ്ഞത്. ചെന്നൈയില്‍ തെരുവുനായ്ക്കള്‍ക്കായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. മനുഷ്യൻ തെറ്റ് ചെയ്താൽ അവനെ കൊന്നുകളയാൻ ആരും ആവശ്യപ്പെടാറില്ല. ഇതേപോലെ മൃഗങ്ങളുടെ കാര്യത്തിലും അതേ തെറ്റ് ആവർത്തിക്കരുതെന്നും അവർ പറഞ്ഞു. വാക്സിനേഷനും വന്ധ്യംകരണവും പോലുള്ള പ്രായോഗിക നടപടികളിലൂടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിവേദ പറഞ്ഞു. “ഭയപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്.
ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കുകയോ ഭയം ഉണ്ടാക്കുകയോ ചെയ്യരുത്. നായ കടിക്കുന്നത് ശരിയാണെന്ന് ഞാൻ പറയുന്നില്ല. പേവിഷബാധ പടർന്നാൽ അത് വളരെ ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമാണ്. എന്നാൽ ഭയം ജനിപ്പിക്കുന്നതിന് പകരം, നമുക്ക് പരിഹാരം നോക്കാം. ചെറിയ പ്രായം മുതലേ അനുകമ്പയോടെ പെരുമാറാന്‍ കുട്ടികളെ പഠിപ്പിക്കാം. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങളോടും നമ്മൾ അതേ തെറ്റ് ആവർത്തിക്കരുത്. മനുഷ്യര്‍ക്ക് മാത്രമാണ് ഭൂമി എന്ന് വിചാരിച്ചാല്‍ നമുക്ക് അതിജീവിക്കാനാവില്ല. അനുകമ്പയോടെ ചിന്തിക്കണമെന്നുമായിരുന്നു നൃന്വേദയുടെ വാക്കുകള്‍.
അതേസമയം നിവേദയുടെ വാക്കുകൾ സമൂഹത്തിൽ ആഡംബരജീവിതം നയിക്കുന്നവരുടെ കാഴ്ചപ്പാടാണ് എന്നാണ് വിമർശകർ പറയുന്നത്. വർഷത്തിൽ ഭൂരിഭാഗം മാസങ്ങളും നിവേദ താമസിക്കുന്നത് ദുബായിലാണ് എന്നും അവർ ചൂണ്ടിക്കാട്ടുന്നു. തെരുവുനായപ്രശ്നം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെയാണ് അല്ലാതെ സമ്പന്നരെയല്ലെന്നും വിമര്‍ശകര്‍ പറയുന്നു.
















































