മുണ്ടൂർ: മുണ്ടൂരില്‍ വയോധികയുടെ മരണം സ്വാഭാവികമെന്ന് ചിത്രീകരിക്കാൻ മകൾ നടത്തിയത് അതി നാടകീയ നീക്കങ്ങള്‍. അയിനിക്കുന്നത്ത് വീട്ടിൽ തങ്കമണി(75)യെയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവികമരണമെന്ന് പോലീസ് ആദ്യം സംശയിച്ചെങ്കിലും മൃതദേഹത്തിൽ ആഭരണങ്ങൾ ഇല്ലാതിരുന്നത് കേസിന്റെ ഗതിമാറ്റി. തങ്കമണിയുടെ മകൾ സന്ധ്യ തെളിവു നശിപ്പിക്കാൻ കൂട്ടുനിന്ന സുഹൃത്ത് ചിറ്റിലപ്പിള്ളി വീട്ടിൽ നിതിൻ (29) എന്നിവരാണ് അറസ്റ്റിലായത്.
നിതിൻ സന്ധ്യയുടെ അയൽക്കാരനാണ്. ഇവർ തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നും നിതിനെ സാമ്പത്തികമായി സഹായിക്കാൻ സന്ധ്യ അമ്മയുടെ ആഭരണങ്ങൾ കൈക്കലാക്കാൻ ശ്രമിച്ചത് കൊലപാതകത്തിലെത്തുകയായിരുവെന്നും പോലീസ് പറഞ്ഞു. ആഭരണങ്ങൾ നൽകാൻ തങ്കമണി വിസമ്മതിച്ചപ്പോൾ ഇരുവരും തമ്മിൽ വഴക്കായി. പിടിവലിക്കിടെ സന്ധ്യ തങ്കമണിയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് തള്ളിയിട്ടു. തലയിടിച്ചു വീണാണ് തങ്കമണി മരിച്ചതെന്നും പൊലീസ് പറഞ്ഞു.
പിന്നീട് നിതിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ഇരുവരും ചേർന്നു തങ്കമണിയെ അവരുടെ മുറിയിലേക്ക് മാറ്റിക്കിടത്തുകയും ചെയ്തു. സന്ധ്യ വൈകിട്ട് ജിമ്മിൽ പോയി രാത്രിയോടെ വീട്ടിൽ തിരിച്ച് എത്തി. ഇതിനിടയിൽ നിതിൻ മുണ്ടൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണം പണയം വച്ച് തിരിച്ചെത്തി. ഇരുവരും ചേർന്ന് രാത്രി ഏറെ വൈകി തങ്കമണിയുടെ മൃതദേഹം വീടിനു പിറകിലൂടെ പറമ്പിലേക്കുള്ള വഴിയിൽ കൊണ്ടുവന്നിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 6ന് നിതിൻ തന്നെ നാട്ടുകാരെ വിളിച്ച് തങ്കമണിയുടെ മൃതദേഹം പറമ്പിലെ വഴിയിൽ കിടക്കുന്ന വിവരം അറിയിച്ചു. തുടർന്ന് ഇയാൾ ശബരിമലയ്ക്കു പോയി.
മൃതദേഹത്തിൽ മുഖത്ത് ചെറിയ മുറിവിന്റെ പാടുകൾ ഉണ്ടായിരുന്നെങ്കിലും അത് വീഴ്ചയിൽ സംഭവിച്ചതാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമികനിഗമനം. എന്നാൽ ആഭരണങ്ങൾ കാണാതായത് സംശയത്തിന് വഴിവച്ചു. മാത്രവുമല്ല ചെവിയിലടക്കം ചോരപാടുകൾ ഉണ്ടായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ തങ്കമണിയുടെ കഴുത്തിലെ രണ്ട് എല്ലുകൾ പൊട്ടിയതായി കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്.

















































