തിരുവനന്തപുരം: ഈ തദ്ദേശ തെരഞ്ഞെടുപ്പ് അഞ്ച് വർഷത്തെ വിലയിരുത്തലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വോട്ടർമാർ ഗൗരവത്തോടെ കാണുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്, ഒരു മാറ്റം അനിവാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘2025-ൽ മാറ്റം പ്രകടമാകും. കോർപ്പറേഷൻ ബിജെപിയെ ഏൽപ്പിക്കൂ, ബാക്കി കാര്യം ഞങ്ങൾ നോക്കിക്കോളാം. അൻപത്തി ആറോളം ഇടങ്ങളിൽ വിജയം സുനിശ്ചിതമാണ്. കവടിയാറിലെയും ശാസ്തമംഗലത്തെയും സ്ഥാനാർത്ഥികൾ ശക്തരാണ്’- സുരേഷ് ഗോപി പറഞ്ഞു.
അതേസമയം ആർ ശ്രീലേഖയെ താൻ ഇനി മാഡം എന്ന് മാത്രമേ വിളിക്കുകയുളളുവെന്നും നഗരത്തിന്റെ മുഴുവൻ നേതാവായി ശ്രീലേഖ വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മുൻ ഡിജിപി ആർ ശ്രീലേഖയാണ്. കോൺഗ്രസ് മേയർ സ്ഥാനാർത്ഥി കെ എസ് ശബരീനാഥനെതിരെ കവടിയാറിൽ എസ് മധുസൂദനൻ നായരെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയത്.
ഏഷ്യൻ ഗെയിംസിൽ രണ്ട് മെഡലുകൾ നേടിയ സ്‌പോർട്‌സ് താരവും മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റുമായ പദ്മിനി തോമസ് പാളയത്തും ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് കൊടുങ്ങാനൂരിലും ജനവിധി തേടും. കഴക്കൂട്ടത്ത് അനിൽ കഴക്കൂട്ടവും പേരൂർക്കടയിൽ ടി എസ് അനിൽകുമാറുമാണ് ബിജെപി സ്ഥാനാർത്ഥികൾ. അതേസമയം വിവിധ ജില്ലകളിൽ ബിജെപിക്ക് പേരിനു പോലും സ്ഥാനാർഥികളില്ല, തലസ്ഥാനാത്ത് 50 ഇടങ്ങളിലാണ് ബിജെപിക്ക് സ്ഥാനാർഥികളില്ലാത്തത്.


















































