ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതികളിൽ ഒരാൾക്ക് ജെയ്‌ഷെ മുഹമ്മദിലെ ഭീകരൻ ‘ഹൻസുള്ള ബോംബ് നിർമാണ വീഡിയോകൾ അയച്ചുകൊടുത്തതായി റിപ്പോർട്ട്. ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച് 15 പേരുടെ മരണത്തിനിടയാക്കിയ ബോംബ് ഇങ്ങനെയാണ് നിർമിച്ചതെന്നാണ് വിവരം. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദിലെ ‘ഹൻസുള്ള’ എന്നറിയപ്പെടുന്ന ഭീകരനാണ് സ്‌ഫോടനത്തിൽ ഉൾപ്പെട്ട പ്രതികളിൽ ഒരാളായ ഡോ. മുസമിൽ ഷക്കീലിന് വീഡിയോകൾ അയച്ചുകൊടുത്തതെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അതേസമയം ഒക്ടോബറിൽ ജമ്മു കശ്മീരിലെ നൗഗാമിൽ കാണപ്പെട്ട ജെയ്‌ഷെ മുഹമ്മദിന്റെ പോസ്റ്ററുകളിൽ ‘കമാൻഡർ ഹൻസുള്ള ഭായ്’ എന്നെഴുതിയിരുന്നു. ഈ പോസ്റ്ററുകളാണ് ഭീകരവാദ അന്വേഷണത്തിലേക്ക് നയിച്ചത്. ചെങ്കോട്ട സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സംഘം ഇയാളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നിന്നുള്ള പുരോഹിതനായ മൗലവി ഇർഫാൻ അഹമ്മദ് വഴിയാണ് ഹൻസുള്ള, മുസമിൽ ഷക്കീലിനെ ബന്ധപ്പെട്ടതെന്നാണ് അന്വേഷണ വൃത്തങ്ങൾ പറയുന്നത്.
അതുപോലെ ഡോക്ടർമാരെ തീവ്രവാദത്തിലേക്കെത്തിക്കുകയും വൈറ്റ് കോളർ ഭീകര മൊഡ്യൂൾ രൂപീകരിച്ചതിനും പിന്നിൽ പ്രവർത്തിച്ചത് മൗലവി ഇർഫാൻ അഹമ്മദാണെന്ന് അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ഷക്കീലിനെയാണ് മൗലവി ആദ്യം റിക്രൂട്ട് ചെയ്യുന്നത്. തുടർന്ന് ഷക്കീൽ സർവകലാശാലയിലെ മറ്റ് സമാന ചിന്താഗതിക്കാരായ ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, ഷഹീൻ ഷാഹിദ് എന്നിവരെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തു.
ഇതിനിടെ സ്‌ഫോടനം ആസൂത്രണം ചെയ്തവർക്ക് അഫ്ഗാനിസ്താനിൽ പരിശീലനം ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. ഷക്കീൽ തുർക്കി വഴി അഫ്ഗാനിസ്താനിലേക്ക് പോയതിന്റെ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഡോക്ടർ മൊഡ്യൂളിൽ ഉൾപ്പെട്ടവർ മാസങ്ങളായി ദേശീയ തലസ്ഥാനത്ത് ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെ ഉന്നത പ്രദേശങ്ങൾ ലക്ഷ്യമിടുന്നതിനായി 200 ശക്തമായ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡികൾ) സംഘം തയ്യാറാക്കിയിരുന്നു.
അതേസമയം ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്തിയ ഡോ. ഉമർ നബി മൂന്നുവർഷം മുൻപ് തുർക്കി സന്ദർശിച്ചിരുന്നതായി അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഉമറിന്റെ യാത്രാവിവരങ്ങൾ പരിശോധിച്ചതിൽനിന്നാണ് ഇയാളുടെ തുർക്കി സന്ദർശനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്തിയത്. 2022 മാർച്ചിൽ മറ്റു രണ്ടുപേർക്കൊപ്പമായിരുന്നു ഉമറിന്റെ തുർക്കി യാത്ര. മുസാഫർ അഹമ്മദ് റാത്തർ, ഫരീദാബാദിൽ സ്ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീൽ എന്നിവരാണ് ഉമറിനൊപ്പം തുർക്കിയിലേക്ക് പോയത്. രണ്ടാഴ്ചയോളം മൂവർസംഘം തുർക്കിയിൽ തങ്ങി. തുർക്കി സന്ദർശത്തിനിടെ ഏകദേശം 14 പേരുമായി മൂവർസംഘം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പാക് തീവ്രവാദ സംഘടനകളായ ജെയ്ഷെ മുഹമ്മദിനും ഐഎസ് ശാഖയായ അൻസാർ ഗസ്വാത് അൽ ഹിന്ദിനും വേണ്ടിയാണ് ഉമർ നബിയും അറസ്റ്റിലായ ഡോക്ടർമാരും പ്രവർത്തിച്ചതെന്ന കാര്യം നേരത്തേ വ്യക്തമായിരുന്നു. തുർക്കി അങ്കാറയിൽ നിന്നുള്ള ‘ഉകാസ’ എന്ന കോഡ് നാമത്തിലറിയപ്പെടുന്ന വ്യക്തി ഡോക്ടർമാരുടെയും ജെയ്ഷിന്റെയും അൻസാറിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.


















































